News

പരിശുദ്ധാത്മാവിന്റെ ശക്തി സഭയില്‍ ശക്തമായി പ്രകടമാകുന്നതിന്റെ തെളിവാണ് കരിസ്മാറ്റിക് നവീകരണമെന്ന് മാർപാപ്പായ്‌ക്കു വേണ്ടിയുള്ള ധ്യാനപ്രസംഗത്തിൽ പരമാചാര്യന്റെ പ്രഭാഷകൻ

സ്വന്തം ലേഖകന്‍ 03-12-2016 - Saturday

വത്തിക്കാന്‍: പരിശുദ്ധാത്മാവിന്റെ ശക്തി സഭയില്‍ ശക്തമായി പ്രകടമാകുന്നതിന്റെ തെളിവാണ് കരിസ്മാറ്റിക് നവീകരണമെന്ന് പരമാചാര്യന്റെ പ്രഭാഷകൻ (Papal preacher) ഫാദര്‍ റാണിറോ കാന്റലാമെസ. പിറവിതിരുനാളിന് ഒരുക്കമായി മാര്‍പാപ്പയ്ക്കും, കര്‍ദിനാളുമാര്‍ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ ധ്യാനപ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

സഭ എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് നയിക്കപ്പെട്ടതെങ്കിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് പരിശുദ്ധാത്മാവിന്റെ കേന്ദ്രീകൃത സ്ഥാനത്തെ കുറിച്ച് ഊന്നി പറയുവാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ 50-ാം വാര്‍ഷികം അടുത്ത് തന്നെ ആഘോഷിക്കുവാന്‍ പോകുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സഭയില്‍ ശക്തമായി പ്രകടമായതിന്റെ തെളിവാണ് കരിസ്മാറ്റിക് നവീകരണമെന്ന് അദ്ദേഹം തന്റെ ധ്യാനപ്രസംഗത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു.

മാര്‍പാപ്പയ്ക്കും, കര്‍ദിനാളുമാര്‍ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കുംവേണ്ടി വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തിയെക്കുറിച്ചും, സഭയെ നയിച്ചുകൊണ്ട് പരിശുദ്ധാത്മാവ് നടത്തുന്ന വ്യക്തിപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് പരമാചാര്യന്റെ പ്രഭാഷകന്‍ വിശദീകരിച്ചത്.

"എപ്രകാരമാണ് ആത്മാവ് നമുക്ക് ജീവന്‍ നല്‍കുന്നത്? സ്വര്‍ഗ്ഗീയമായ ജീവന്‍ ആണ് ആത്മാവ് നമുക്ക് നല്‍കുന്നത്. അസാധാരണമായ ജീവനെന്ന് ഇതിനെ വിളിക്കാം. ഇത് ക്രിസ്തുവിലുള്ള ജീവനാണ്. എങ്ങനെയാണ് നാം ഈ ജീവന്‍ പ്രാപിക്കുക? അത് ജ്ഞാനസ്നാനത്തിലൂടെയാണ്. മാമോദീസ വഴിയായി നമ്മിലേക്ക് ഈ ആത്മാവ് കടന്നുവരുന്നു. ആത്മാവിലെ തന്നെ വീണ്ടും ജനനമാണിത്. കൌദാശികപരമായ ജീവിതത്തിലൂടെയും നാം നടത്തുന്ന പ്രാര്‍ത്ഥനയിലൂടെയും പരിശുദ്ധാത്മാവ് നമ്മിലേക്ക് ഒഴുകുന്നു". ഫാദര്‍ റാണിറോ കാന്റലാമെസ വിശദീകരിച്ചു.

"പിതാവായ ദൈവം പുത്രനേ ലോകത്തിലേക്ക് അയച്ചുവെന്നും, പുത്രന്‍ പരിശുദ്ധാത്മാവിനെ നമുക്ക് ദാനമായി നല്‍കിയെന്നും നാം മനസിലാക്കുന്നു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിന്റെ സഹായത്താലും പ്രവര്‍ത്തനത്താലുമാണ് നാം പുത്രനേയും, പിതാവിനേയും അറിയുന്നത്. സകലസത്യത്തിലും നമ്മെ വഴിനടത്തുന്നത് പരിശുദ്ധാത്മാവാണെന്ന് ക്രിസ്തു തന്നെ നമ്മോട് പറയുന്നുമുണ്ട്.

കാറ്റ് എവിടെ നിന്നും വരുന്നുവെന്നും, എവിടെയ്ക്ക് പോകുന്നുവെന്നും നാം അറിയുന്നില്ല. പക്ഷേ നമുക്ക് അതിനെ ശരിയായി അനുഭവിച്ച് അറിയുവാൻ സാധിക്കും. ഇതുപോലെ തന്നെയാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും; അത് നമുക്ക് അനുഭവിച്ചറിയുവാൻ സാധിക്കും. എന്നാൽ പരിശുദ്ധാത്മാവിനെ കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ നാം സ്വര്‍ഗത്തില്‍ എത്തിച്ചേരണം. സ്വര്‍ഗ്ഗത്തിലെ നിത്യമായ ജീവിതത്തില്‍ മാത്രമേ നമുക്ക് ഈ ആത്മാവിനെ ശരിയായി മനസിലാക്കുവാന്‍ സാധിക്കുകയുള്ളു" അദ്ദേഹം പറഞ്ഞു.

1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് പരമാചാര്യന്റെ പ്രഭാഷകനായി ഫാദര്‍ റാണിറോ കാന്റലാമെസയെ നിയമിച്ചത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമികളായി സഭയെ നയിച്ച ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും, ഫ്രാന്‍സിസ് മാര്‍പാപ്പയും പരമാചാര്യന്റെ പ്രഭാഷകനായി ഫാദര്‍ റാണിറോ കാന്റലാമെസയെ തുടര്‍ന്നും നിയമിക്കുകയായിരുന്നു.