News - 2025
ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള ബിഷപ്പുമാര്‍ക്ക് യുകെ ഗവണ്‍മെന്‍റ് വീസാ നിഷേധിച്ചു: പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ 06-12-2016 - Tuesday
ലണ്ടന്‍: ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം ശക്തമായി നടക്കുന്ന ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മൂന്നു ബിഷപ്പുമാര്‍ക്ക് യുകെ ഗവണ്‍മെന്‍റ് വീസാ നിഷേധിച്ചു. യുകെയില്‍ നിര്‍മ്മിച്ച ആദ്യത്തെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശയില്‍ പങ്കെടുക്കുവാനാണ് ഇവര്‍ വീസായ്ക്ക് അപേക്ഷിച്ചിരിന്നത്. വീസാ നിഷേധിച്ചതിനെ തുടര്‍ന്ന് സിറിയയിലേയും, ഇറാഖിലേയും ബിഷപ്പുമാര്‍ക്ക് കൂദാശ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല.
ക്രൈസ്തവര്‍ പീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ക്ക് വീസാ നിഷേധിച്ച സംഭവത്തില്‍ കടുത്ത രോക്ഷമാണ് യുകെയിലെ വിശ്വാസ സമൂഹം പ്രകടിപ്പിക്കുന്നത്. മൊസൂള്‍ ആര്‍ച്ച് ബിഷപ്പ് നിക്കോദമോസ് ദാവൂദ് ഷറഫ്, ആര്‍ച്ച് ബിഷപ്പ് തീമോത്തിയസ് മൗസാ ഷമാനി, ഹോംസ്-ഹമാ എന്നീ സ്ഥലങ്ങളുടെ ആര്‍ച്ച് ബിഷപ്പ് സെല്‍വാനോസ് ബൗട്രോസ് അല്‍നേമേ എന്നീ ബിഷപ്പുമാര്‍ക്കാണ് യുകെ സര്‍ക്കാര്‍ വീസാ നിഷേധിച്ചത്.
വീസാ നിഷേധിക്കുവാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ ഏറെ വിചിത്രമാണ്. ബിഷപ്പുമാരുടെ കൈയില്‍ ആവശ്യത്തിന് പണമില്ലെന്നും യുകെയില്‍ എത്തിയാല്‍ ഇവര്‍ക്ക് രാജ്യത്ത് ജീവിക്കുവാനും, മടങ്ങി പോകുവാനും സാധിക്കില്ലെന്നുമാണ് അധികൃതര്‍ ചൂണ്ടികാണിച്ചത്. കഴിഞ്ഞ മാസം നടന്ന സംഭവം യുകെയിലെ രാഷ്ട്രീയ മേഖലകളില്‍ ഏറെ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
ലിവര്‍പൂളിലെ പാര്‍ലമെന്റ് അംഗമായ ലോര്‍ഡ് ആള്‍ട്ടണ്‍ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ തനിക്ക് വിശ്വസിക്കുവാന്‍ സാധിച്ചില്ലെന്നു അദ്ദേഹം പറഞ്ഞു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ അപ്രേം കരീം പാത്രീയാര്‍ക്കീസ് ബാവ തന്നോട് നേരിട്ട് ഈ വിഷയം സംസാരിച്ചതായും ലോര്‍ഡ് ആള്‍ട്ടണ്‍ വെളിപ്പെടുത്തി.
"ഇറാഖിലും സിറിയയിലും ക്രൈസ്തവര്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയാകുന്നത്. ക്രൈസ്തവരെ അതിക്രൂരമായി കൊല്ലുന്നതും സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും ഇത്തരം രാജ്യങ്ങളില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ക്രൈസ്തവ സമൂഹത്തോട് ചേര്‍ന്ന് ജീവന്‍ പണയംവച്ച് ശുശ്രൂഷ ചെയ്യുന്ന ബിഷപ്പുമാര്‍ക്കാണ് യുകെ വീസാ നിഷേധിച്ചിരിക്കുന്നത്. തീവ്ര മുസ്ലീം വിശ്വാസികളുടെ ഭീഷണിക്ക് പോലും വഴങ്ങാതെ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപിടിച്ചു ജീവിക്കുന്ന ഇവരെ അപമാനിക്കുന്നതിനു തുല്യമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്". ലോര്‍ഡ് ആള്‍ട്ടണ്‍ പ്രതികരിച്ചു.
ഹൈദരാബാദ് രൂപതയില്‍ നിന്നുള്ള ചിലര്‍ക്ക് ഗവണ്‍മെന്‍റ് വീസാ നിഷേധിച്ചതിനെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ എംപിയായ കിര്‍സന്റ് ഓസ്വാള്‍ഡും പാര്‍ലമെന്റില്‍ ചോദ്യം ചെയ്തിരുന്നു. വിശ്വാസ സമൂഹത്തോട് എന്തുതരം സന്ദേശമാണ് ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങള്‍ ആഭ്യന്തര സെക്രട്ടറി പരിഗണിക്കുമെന്നാണ് തെരേസ മേയ് നല്‍കിയ മറുപടിയില്‍ പറയുന്നത്.