News

ഐഎസ് തീവ്രവാദികള്‍ക്ക് മോചനദ്രവ്യം നല്‍കി ഇരുനൂറിലധികം ക്രൈസ്തവ വിശ്വാസികളെ രക്ഷപ്പെടുത്തിയ സിറിയന്‍ ബിഷപ്പ് ശ്രദ്ധേയനാകുന്നു

സ്വന്തം ലേഖകന്‍ 09-12-2016 - Friday

ഡമാസ്‌കസ്: സിറിയയില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 226 ക്രൈസ്തവരെ മോചനദ്രവ്യം നല്‍കി രക്ഷപ്പെടുത്തിയ സിറിയന്‍ ബിഷപ്പ് ശ്രദ്ധേയനാകുന്നു. ബിഷപ്പ് മാര്‍ എഫ്രാം അത്നെയിലാണ് തീവ്രമായ ശ്രമങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവരെ മോചനദ്രവ്യം നല്‍കി ഐഎസ് തടവറയില്‍ നിന്നും മോചിപ്പിച്ചത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പണം ഉപയോഗപ്പെടുത്തിയാണ് മാര്‍ എഫ്രാം അത്നെയില്‍ സിറിയന്‍ ക്രൈസ്തവരുടെ ജീവന്‍ രക്ഷപ്പെടുത്തിയത്.

'സെന്റര്‍ ഫോര്‍ കനേഡിയന്‍ അസ്സീറിയന്‍' എന്ന സംഘടനയുടെ പ്രസിഡന്റായ അനേക്കി നിസാനാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ 'ചര്‍ച്ച് മിലിട്ടന്റ്' എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയത്. തങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ ശേഖരിച്ച പണം ഐഎസ് തീവ്രവാദികള്‍ തടവിലാക്കിയ ക്രൈസ്തവരെ മോചിപ്പിക്കുവാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. വിവിധ ടൗണ്‍ ഹാളുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നുമാണ് സഭയുടെ വക്താക്കള്‍ ഈ പണം ശേഖരിച്ചത്. അവ സിറിയയിലുള്ള ബിഷപ്പിന് പിന്നീട് എത്തിച്ചു നല്‍കിയതായും, ബിഷപ്പിന്റെ ഇടപെടല്‍ മൂലമാണ് ക്രൈസ്തവര്‍ മോചിതരായതെന്നും അനേക്കി നിസാന്‍ വെളിപ്പെടുത്തുന്നു.

"ക്രൈസ്തവരായ നമ്മുടെ പൂര്‍വ്വീകരുടെ നാടാണ് സിറിയയും ഇറാഖും. ഇനിയും ഇവിടെ ക്രൈസ്തവ സമൂഹത്തിന് നിലനില്‍ക്കണമെങ്കില്‍ പ്രത്യേക അസ്സീറിയന്‍ മേഖലയ്ക്കു തന്നെ രൂപം നല്‍കണം. നാറ്റോയോ, റഷ്യന്‍ സൈന്യമോ നേരിട്ട് ഈ സംസ്ഥാനത്തിന് സുരക്ഷ നല്‍കണം. അല്ലാത്ത പക്ഷം മേഖലയില്‍ ക്രൈസ്തവര്‍ക്കു തുടരുവാന്‍ സാധിക്കില്ല. ഇപ്പോള്‍ അന്താരാഷ്ട്ര ക്രൈസ്തവ സമൂഹം ചെയ്യേണ്ടത്, മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള സഹായമാണ്. 2003 മുതലാണ് ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറുവാന്‍ ആരംഭിച്ചത്. ഇത്തരം നടപടികളെ ചെറുത്തു തോല്‍പ്പിക്കുവാനുള്ള ആര്‍ജവം ഏവരും കാണിക്കണം". അനേക്കി നിസാന്‍ പറഞ്ഞു.

വടക്കന്‍ സിറിയയിലെ ഖാബൂര്‍ നദിയുടെ താഴ്‌വാരത്തില്‍ താമസിച്ചിരുന്ന അസ്സീറിയന്‍ ക്രൈസ്തവ സമൂഹത്തെ 2015 ഫെബ്രുവരി 23-നാണ് ഐഎസ് തീവ്രവാദികള്‍ ഗ്രാമം കീഴടക്കിയ ശേഷം തടവറയിലാക്കിയത്. തടവറയില്‍ കഴിയുന്നവരെ മോചിപ്പിക്കണമെങ്കില്‍ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തീവ്രവാദികള്‍ മുന്നോട്ട് വച്ച നിബന്ധന. അബ്ദോള്‍ മസ്‌റ എന്ന തടവറയിലാക്കപ്പെട്ട വ്യക്തിയെ ഐഎസ് തീവ്രവാദികള്‍ പണം നല്‍കുന്നതിനുള്ള ഇടനിലക്കാരനായി ഉപയോഗിച്ചു.

അബ്ദോള്‍ മസ്‌റയുടെ കൈവശം തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിയ രേഖ തീവ്രവാദികള്‍ കല്‍ദയന്‍ ബിഷപ്പിന് കൊടുത്തുവിട്ടു. നിങ്ങളുടെ അടുത്തേക്ക് എഴുത്തുമായി വരുന്ന അബ്ദോള്‍ മസ്‌റ ഇപ്പോള്‍ ക്രൈസ്തവ വിശ്വാസിയല്ലെന്നും, അയാള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ തടവിലാക്കിയവരെ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. തടവില്‍ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനായി അമ്പതിനായിരം യുഎസ് ഡോളര്‍ നല്‍കണമെന്നായിരുന്നു ഐഎസ് തീവ്രവാദികള്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടത്.

അബ്ദോള്‍ മസ്‌റയുടെ ഇടപെടലിലൂടെ ചര്‍ച്ചകള്‍ നടന്നുവന്നപ്പോള്‍, 2015 സെപ്റ്റംബറില്‍ തീവ്രവാദികള്‍ മൂന്നു പേരുടെ കഴുത്തറക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു. അതോടെ പണം സംഘടിപ്പിക്കുവാന്‍ വിശ്വാസികള്‍ നെട്ടോട്ടമായി. കാലിഫോര്‍ണിയായിലെ ചലച്ചിത്ര നിര്‍മ്മാതാവ് സാര്‍ഗണ്‍ സാദി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ പണം പിരിവ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയ, ജര്‍മ്മനി,യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിശ്വാസികളില്‍ നിന്നുമാണ് തീവ്രവാദികള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ട പണം സംഘടിപ്പിച്ചതെന്ന് സാര്‍ഗണ്‍ സാദി വെളിപ്പെടുത്തുന്നു.

2016 ഫെബ്രുവരി 22-ാം തീയതിയോടെ തടവില്‍ കഴിഞ്ഞിരുന്ന ക്രൈസ്തവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മോചിപ്പിക്കുവാന്‍ ബിഷപ്പ് മാര്‍ എഫ്രാം അത്നെയിലിന് സാധിച്ചു. ഇത്രയും നാള്‍ സിറിയയിലെ അപകടം പിടിച്ച മേഖലയില്‍ ബിഷപ്പ് മാര്‍ എഫ്രാം താമസിച്ച് മോചനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാശ്ചാത്യരാജ്യങ്ങളില്‍ ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും, മോചനദ്രവ്യം ആവശ്യപ്പെടുന്നതും, മോചനദ്രവ്യം നല്‍കുന്നതുമെല്ലാം 10 വര്‍ഷത്തില്‍ അധികം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. ഐഎസിന് പണം നല്‍കുകയല്ലാതെ ക്രൈസ്തവരെ രക്ഷിക്കുവാന്‍ സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ പക്കല്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ പറയുന്നു.


Related Articles »