News - 2025

ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തിന് സമീപത്ത് നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെടുത്തു

സ്വന്തം ലേഖകന്‍ 17-12-2016 - Saturday

പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തിന് മുന്‍ഭാഗത്തു നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെടുത്തു. ടൗലോസേ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ആന്‍ഡ്രൂസ് കത്തോലിക്ക ദേവാലയത്തിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. വീഞ്ഞുകുപ്പികള്‍ നിറച്ച പെട്ടിക്കുള്ളിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. കത്തുന്ന പലതരം രാസദ്രാവകങ്ങള്‍ ബോക്സിനുള്ളില്‍ നിറച്ചാണ് ബോംബ് നിര്‍മ്മിച്ചിരുന്നത്.

ഈ മാസം എട്ടാം തീയതിയാണ് ബോംബ് കണ്ടെത്തിയത്. സംശയകരമായി കാണപ്പെട്ട പെട്ടിയെകുറിച്ച് വിശ്വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളില്‍ ബോംബാണെന്ന് മനസിലാക്കിയത്. ഇതേതുടര്‍ന്ന് ദേവാലയത്തിലും പരിസരത്തുമുണ്ടായിരുന്ന ജനങ്ങളെ പോലീസ് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുകയായിരിന്നു. സ്‌ഫോടനം നടത്തുവാന്‍ ലക്ഷ്യമിട്ടിരുന്ന വ്യക്തി, വലിയ നാശം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബര്‍ത്ത്‌ഡേ ക്യാന്‍ഡിലുകളും മറ്റ് ചില അലങ്കാര വസ്തുക്കളും ആളുകളെ ആകര്‍ഷിക്കുന്നതിനായി പെട്ടിക്ക് മുകളിലായി സ്ഥാപിച്ചിരുന്നു. ദേവാലയ പരിസരത്ത് അഞ്ചു ദിവസത്തോളം കിടന്നിരുന്ന ഈ പെട്ടി ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്നതും ഏറെ വിചിത്രമാണ്. അതേ സമയം വിഫലമായ ആക്രമണ പദ്ധതിയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Related Articles »