News - 2025
ഫാത്തിമായില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയായുടെ നാമകരണനടപടികള്‍ക്ക് ആരംഭം
സ്വന്തം ലേഖകന്‍ 14-02-2017 - Tuesday
ലിസ്ബണ്‍: നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമായില്‍ വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് സാക്ഷ്യങ്ങളും, വിവിധ രേഖകളുമടങ്ങുന്ന 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ ശേഖരിച്ചതായി പോര്‍ച്ചുഗലിലെ കത്തോലിക്ക വൃത്തം തിങ്കളാഴ്ച അറിയിച്ചു.
സിസ്റ്റര്‍ ലൂസിയായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആദ്യപടി എന്ന നിലയില്‍ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് വേണ്ട അപേക്ഷ ഇതിന്റെ ചുമതലയുള്ള വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘത്തിന് ഉടന്‍ തന്നെ അയക്കുമെന്ന് പോര്‍ച്ചുഗല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് സിസ്റ്റര്‍ ലൂസിയ മരിച്ചത്. ലൂസിയായുടെ അവസാനകാലത്ത് താമസിച്ച കൊയിംബ്രായിലെ കോണ്‍വെന്റില്‍ വെച്ചുള്ള സഭാ ചടങ്ങിനിടക്കാണ് ഈ തെളിവുകള്‍ അധികൃതര്‍ അവതരിപ്പിച്ചത്. സിസ്റ്റര്‍ ലൂസിയാക്കൊപ്പം മാതാവിന്റെ പ്രത്യക്ഷീകരണത്തിനു സാക്ഷ്യം വഹിച്ച ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. 2000-ല്‍ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരിന്നു.
സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള തെളിവുകള്‍ സമാഹരിക്കുന്നതിനായി എട്ട് വര്‍ഷത്തോളം എടുത്തു എന്ന് കൊയിംബ്രായിലെ കത്തോലിക്കാ മെത്രാനായ വിര്‍ജിലിയോ അന്‍ന്റൂണ്‍സ് അറിയിച്ചു. സിസ്റ്റര്‍ ലൂസിയ എഴുതിയ 11,000-ത്തോളം കത്തുകളില്‍ നിന്നും 61-ഓളം സാക്ഷ്യങ്ങളില്‍ നിന്നുമായിട്ടാണ് ഈ തെളിവുകള്‍ സമാഹരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമര്‍പ്പിക്കുന്ന തെളിവുകളെ പറ്റി അഗാധമായ പഠനം നടത്തുന്ന നാമകരണപ്രക്രിയക്കുള്ള തിരുസംഘം ഈ അപേക്ഷ പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് പാപ്പാ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്. മെയ് 12-13 എന്നീ തിയതികളിലായിരിക്കും പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം. ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയം സന്ദര്‍ശിക്കുന്ന നാലാമത്തെ പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ.
