News - 2018

കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ നല്‍കി ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം: ശ്രദ്ധേയ നിര്‍ദ്ദേശങ്ങളുമായി മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

സ്വന്തം ലേഖകന്‍ 02-04-2017 - Sunday

കൊച്ചി: വിശ്വാസികള്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ നല്‍കി ക്രിസ്തുവിനു സാക്ഷ്യം വഹിക്കണമെന്ന ആഹ്വാനവുമായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഏപ്രില്‍ 23 പുതുഞായറാഴ്ച പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെ പുറപ്പെടുവിച്ചിട്ടുള്ള ഇടയലേഖനത്തിലാണ് ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ ഉള്ളത്. വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്കു കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടി കാട്ടുന്നു.

ക്രിസ്തീയ ചൈതന്യമോ, സ്വാധീനമോ ഇല്ലാത്ത അര്‍ത്ഥരഹിതമായ പേരുകളാണ് പലപ്പോഴും കുട്ടികള്‍ക്ക് നല്‍കുന്നത്. ഒരു വ്യക്തിയുടെ നാമം ഏറെ പ്രധാനപ്പെട്ടതാണ്. പരമ്പരാഗതവും ക്രൈസ്തവ വിശ്വാസവും മാതൃകയും പ്രഘോഷിക്കുന്നതുമായ പേരുകള്‍ ഉപയോഗിക്കുന്നതിനും അതില്‍ അഭിമാനിക്കുന്നതിനും ഓരോ കുടുംബവും ശ്രദ്ധിയ്ക്കണം. ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിനു സാക്ഷ്യം വഹിക്കലാണ്. നമ്മുക്ക് മാതൃകയും മധ്യസ്ഥരുമായ വിശുദ്ധര്‍ ഓര്‍മ്മിക്കപ്പെടുന്നത് അവരുടെ പേരുകള്‍ തലമുറകളിലേക്ക് കൈമാറുന്നതിലൂടെയാണ്.

ശിശുക്കളുടെ മാമ്മോദീസ എട്ടാം ദിവസം നടത്തുന്ന പതിവ് നിലനിര്‍ത്തണം. അതിനു പകരം ആഘോഷങ്ങള്‍ക്ക് വേണ്ടി വേണ്ടി മാമോദീസ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും വരെ നീട്ടിവെക്കുന്നത് ക്രിസ്തീയ പാരമ്പര്യത്തിന് ഇണങ്ങുന്നതല്ല. പൌരോഹിത്യ സന്യാസ വിവാഹ ദൈവവിളികള്‍ വിവേചിച്ചറിഞ്ഞു മക്കളെ വ്യത്യസ്തങ്ങളായ ജീവിതാവസ്ഥകള്‍ ആശ്ലേഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം ഭൌതീക നേട്ടങ്ങള്‍ക്കും സമ്പത്തിനും പഠനത്തിനും ജോലിക്കും മാത്രമായിട്ട് ശ്രദ്ധിക്കുന്ന കുടുംബങ്ങള്‍ ദൈവരാജ്യത്തെ പടുത്തുയര്‍ത്താനുള്ള കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായുള്ള ദൈവവിളികള്‍ നഷ്ട്ടപ്പെടുത്തുന്നു.

കുടുംബങ്ങളില്‍ വൈദികരെയും സന്യസ്ഥരെയും കുട്ടികളുടെ സാന്നിധ്യത്തില്‍ വിമര്‍ശിക്കുന്നത് ദൈവവിളിയെ നിരുത്സാഹപ്പെടുത്തുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കുറ്റം പറയുന്നതിന് പകരം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തീയ കുടുംബങ്ങളാണ് ഉണ്ടാവേണ്ടത്. ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ട്ടപ്പെട്ട് വിവാഹത്തിന് അണയേണ്ടി വരുന്ന ദുരന്തം ഇന്ന്‍ വ്യാപകമാകുന്നതിന്റെ കാരണം വിശ്വാസത്തിന്റെ അപചയമാണെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഓരോ കുടുംബവും തങ്ങളുടെ മക്കള്‍ ഉത്തമമായ ജീവിതാവസ്ഥകളില്‍ എത്തിച്ചേരാന്‍ പ്രാര്‍ത്ഥിക്കണം.

കുട്ടികളുടെ മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഉപയോഗവും നിയന്ത്രിക്കണം. വളരെയധികം കുട്ടികള്‍ മൊബൈലിലൂടെ വഴിതെറ്റുന്നുണ്ട്. നമ്മുടെ മക്കളെ നേതൃവാസനയില്‍ വളര്‍ത്തി സമൂഹത്തില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനത്ത് എത്തിച്ചേരാന്‍ പ്രാപ്തരാക്കണം. പഠനത്തിന് കഴിവും മികവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വ്വീസ്, പബ്ലിക് സര്‍വ്വീസ് തുടങ്ങിയ മേഖലകളിലേക്ക് അയക്കുകയും ചെയ്യുന്നത് വഴി ക്രൈസ്തവ സമൂഹത്തിനു ഭരണതലത്തിലും അധികാരതലത്തിലും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനാകും. ഇടയലേഖനത്തില്‍ പറയുന്നു. കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടാൻ കൂടുതൽ മക്കളുണ്ടാകണമെന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.


Related Articles »