News - 2024

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ദിവംഗതനായി

സ്വന്തം ലേഖകന്‍ 01-05-2020 - Friday

മണ്ണിന്റെ മക്കളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടിയ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ദിവംഗതനായി. ഇന്ന് വെളുപ്പിന് 1.38 ന് കോലഞ്ചേരി ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ദൈവവിളികളുള്ള ഇടുക്കി രൂപതയുടെ മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സഹോദരരായ ആറ് വൈദികരും, നാല് സിസ്റ്റേഴ്‌സും, അഞ്ച് വിവാഹിതരുമായുള്ള കുടുംബത്തിലെ അംഗമാണ്. മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും ഇടുക്കി രൂപതാ ഉദ്‌ഘാടനവും ഒന്നിച്ചാണു നടന്നത്‌. മലയോര ജനതയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ടു പ്രവർത്തിച്ച മെത്രാൻ വിദ്യാസമ്പന്നവും നേതൃത്വപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പരിശ്രമിച്ചു.

ഇന്നു 150ൽ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കു സ്വന്തമായുണ്ട്‌. 2018 മാർച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതാ അജപാലന ദൗത്യത്തിൽ നിന്നു മാർ ആനക്കുഴിക്കാട്ടിൽ സ്വയം സ്ഥാനമൊഴിയുന്നത്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമര കാലത്തും, പട്ടയ പ്രശ്നങ്ങളിലും ജില്ലയിലെ ഭൂപ്രദേശങ്ങൾക്കും വികസനങ്ങൾക്കും ഒപ്പം സഞ്ചരിച്ച ഇടയനാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു.

1971 മാർച്ച്‌ 15 ന്‌ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ മാർ മാത്യു പോത്തനാംമൂഴിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം സെന്റ്‌ ജോർജ്‌ കത്തീഡ്രലിൽ അസി. വികാരിയായാണ് ആദ്യ നിയമനം. തുടർന്ന് ജോസ്‌ഗിരി, ചുരുളി, എഴുകുംവയൽപള്ളികളിൽ വികാരിയായി. പിന്നീട് ബൽജിയം ലൂവൈൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. പിന്നീട്‌ കോതമംഗലം രൂപതാ ചാൻസലർ. 2003ൽ മൈനർ സെമിനാരിയുടെ റെക്‌ടറായിരിക്കെയാണ്‌ ഇടുക്കി ബിഷപ്പായി അഭിഷിക്തനാകുന്നത്‌.

കത്തോലിക്കാ സഭയിൽ ദൈവവചനത്തിന് അനുസൃതമായി ധീരമായ നിലപാടുകളെടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്ത ആനിക്കുഴിക്കാട്ടിൽ പിതാവിന് പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലികൾ.


Related Articles »