News - 2025

ഫ്രാന്‍സിസ്‌ പാപ്പായെ വധിക്കുവാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഐ‌എസ് അനുഭാവിയുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 06-04-2017 - Thursday

ന്യൂ ജേഴ്സി: 2015-ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയ സന്ദര്‍ശിച്ച ഫ്രാന്‍സിസ്‌ പാപ്പായെ വധിക്കുവാന്‍ പദ്ധതിയിട്ടിരുന്നതായി ന്യൂ ജേഴ്സി സ്വദേശിയും ഐഎസ് അനുഭാവിയുമായ സാന്റോസ് കൊളോണ്‍ എന്ന 17കാരന്‍ മൊഴി നല്‍കി. ഭീകരസംഘടനക്ക് ഭൗതീക സഹായം നല്‍കി എന്ന കുറ്റത്തിന് ചോദ്യം ചെയ്തു വരികെയാണ് കൊളോണിന്റെ വെളിപ്പെടുത്തല്‍. ഫ്രാന്‍സിസ്‌ പാപ്പായുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനു 2 മാസങ്ങള്‍ മുന്‍പ്‌ തന്നെ പാപ്പായെ വധിക്കുവാനുള്ള ഒരുക്കങ്ങള്‍ സാന്റോസ് ആരംഭിച്ചിരിന്നുവെന്ന് അമേരിക്കയിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മാര്‍പാപ്പയെ വധിക്കുന്നതിനായി സാന്‍റോസ് ഓണ്‍ലൈന്‍ വഴി ഒരു വാടകകൊലയാളിയുമായി ബന്ധപ്പെടുകയായിരിന്നു. ഫിലാഡല്‍ഫിയയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ മാര്‍പാപ്പായെ വെടിവെച്ച് വീഴ്ത്തുവാനായിരുന്നു സാന്റോസ് പദ്ധതി തയാറാക്കിയത്. എന്നാല്‍ സാന്റോസ് ബന്ധപ്പെട്ട വാടകകൊലയാളി എഫ്‌ബി‌ഐയുടെ രഹസ്യ ഏജന്റായിരുന്നു. തുടര്‍ന്നു ഫ്രാന്‍സിസ്‌ പാപ്പായുടെ ഫിലാഡെല്‍ഫിയയിലെ വിശുദ്ധ കുര്‍ബാനക്ക് 12 ദിവസം മുന്‍പ്‌ കൗമാരക്കാരന്‍ അറസ്റ്റിലാകുകയായിരിന്നു. 2015 ജൂണ്‍ 30-നും ഓഗസ്റ്റ് 14-നും ഇടക്ക്‌ ‘ബ്രദര്‍ലി ലവ്’ നഗരത്തില്‍ സ്ഫോടന പരമ്പരകള്‍ക്കും സാന്റോസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

തന്റെ പ്രചോദനത്തിന് പിന്നില്‍ ഐ‌എസ് പോരാളികളാണെന്നാണ് സാന്റോസ് വെളിപ്പെടുത്തിയത്. ന്യൂ ജേഴ്സിയിലെ, ലിന്‍ഡന്‍വോള്‍ഡ്‌ സ്വദേശിയായ സാന്റോസ് ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീകരരില്‍ പ്രചോദിതനായി ‘അഹമ്മദ്‌ ഷക്കൂര്‍’ എന്ന പേര് സ്വീകരിച്ചിരിന്നു. തീവ്രവാദികളില്‍ നിന്ന്‍ ഇന്റര്‍നെറ്റ് വഴി ബോംബ്‌ നിര്‍മ്മിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സാന്റോസ് സ്വീകരിച്ചിരിന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. 15 വര്‍ഷംവരെ തടവും രണ്ടരലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് കോളന്‍റെ പേരിലുള്ളത്.

ഫ്രാന്‍സിസ്‌ പാപ്പായെ വധിക്കുവാനുള്ള കൊളോണിന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും, അമേരിക്കയിലെ ഹിസ്പാനിക്ക്, ലാറ്റിനോ വംശജര്‍ക്കിടയിലുള്ള ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ സ്വാധീനം പ്രദേശവാസികളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. നുറുകണക്കിന് ലാറ്റിനോ വംശജര്‍ ഇതിനോടകം തന്നെ ഇസ്ലാമിക്‌ സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടാവുമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ കണക്ക്‌ കൂട്ടല്‍.


Related Articles »