India - 2025
സഭ തങ്ങളുടേതാണെന്ന ബോധ്യം യുവജനങ്ങളില് വളര്ത്തണം: കര്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി
സ്വന്തം ലേഖകന് 26-04-2017 - Wednesday
കൊച്ചി: സഭ തങ്ങളുടേതാണെന്ന അവബോധം യുവജനങ്ങളിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുവജനങ്ങളെക്കുറിച്ചു നടക്കുന്ന ആഗോള സിനഡിന് ഒരുക്കമായി സീറോ മലബാർ ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില് രൂപത വികാരി ജനറാൾമാർ, പ്രോ വികാരി ജനറാൾമാർ, ചാൻസലർമാർ, യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടർമാർ എന്നിവര് പങ്കെടുത്തു.
സഭയുടെ കരുത്തായ യുവജനങ്ങളെ സഭാശുശ്രൂഷകളിൽ കൂടുതൽ വിശ്വാസത്തിലെടുത്തു നിയോഗിക്കാനും അംഗീകരിക്കാനും തയാറാവണം. യുവാക്കളുടെ കഴിവുകളെയും ദൗർബല്യങ്ങളെയും ഉൾക്കൊള്ളണം. കുടുംബ, ഇടവക കേന്ദ്രീകൃതമായി യുവാക്കൾക്കായുള്ള അജപാലനശുശ്രൂഷകളെ കൂടുതൽ ഫലപ്രദമാക്കണമെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. ഏഞ്ജല സൂസൻ, പി.ഹരീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണം നടത്തി. എസ്എംവൈഎം ദേശീയ പ്രസിഡന്റ് അരുണ് ഡേവിസ്, വൈസ് പ്രസിഡന്റ് അഞ്ജന ജോസഫ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
ആനിമേറ്റർ സിസ്റ്റർ അഖില, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവർ മോഡറേറ്റർമാരായിരുന്നു. ക്ലർജി കമ്മീഷൻ സെക്രട്ടറി ഫാ. ജിമ്മി കർത്താനം, ഓഫീസ് സെക്രട്ടറി സിസ്റ്റർ ജീവ മരിയ എന്നിവർ പ്രസംഗിച്ചു.