News

900 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് ഇറ്റലിക്ക് പുറത്തേക്ക്: പൂര്‍ണ്ണ സൈനീക ബഹുമതിയോടെ സ്വീകരിച്ച് റഷ്യ

സ്വന്തം ലേഖകന്‍ 23-05-2017 - Tuesday

മോസ്കോ: ഓര്‍ത്തഡോക്സ് സഭ ഏറെ പ്രാധാന്യം നല്‍കുന്ന വിശുദ്ധരില്‍ ഒരാളായ വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് തൊള്ളായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി റഷ്യയില്‍ എത്തിച്ചു. ഞായറാഴ്ച വിമാനമാര്‍ഗ്ഗമാണ് ഇറ്റലിയില്‍ നിന്നു തിരുശേഷിപ്പ് എത്തിച്ചത്. നാലാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്ന ആളാണ്‌ വിശുദ്ധ നിക്കോളാസ്. 1087-ല്‍ പഴയ തുര്‍ക്കിയായ മിറായില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പ് ഇറ്റലിയിലേക്ക് മാറ്റിയതിനു ശേഷം തിരുശേഷിപ്പ് അവിടെ തന്നെ സൂക്ഷിക്കുകയായിരിന്നു.

2016-ല്‍ ക്യൂബയില്‍ ഫ്രാന്‍സിസ് പാപ്പായും റഷ്യയിലെ പാത്രിയാര്‍ക്കീസായ കിറിലും തമ്മില്‍ നടത്തിയ കൂടികാഴ്ച്ചയ്ക്കിടെയാണ് നിശ്ചിത കാലത്തേക്ക് തിരുശേഷിപ്പ് റഷ്യയില്‍ കൊണ്ട് വരുന്നതിനായി ധാരണയുണ്ടാക്കിയത്. ധാരണപ്രകാരം മെയ് 21 ഞായറാഴ്ച റഷ്യയിലെ മോസ്കോയില്‍ എത്തിയ തിരുശേഷിപ്പിനു പൂര്‍ണ്ണ സൈനീക ബഹുമതിയോടെയാണ് രാജ്യം വരവേല്‍പ്പ് നല്‍കിയത്. ജൂലൈ 12 വരെ മോസ്കോയിലെ ക്രൈസ്റ്റ് ദി സേവ്യര്‍ കത്തീഡ്രലിലും ജൂലൈ 13 മുതല്‍ 28 വരെ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ അലക്സാണ്ടര്‍ നേവ്സ്കി ആശ്രമത്തിലും വിശ്വാസികള്‍ക്ക് വണങ്ങുന്നതിനായി തിരുശേഷിപ്പ് പ്രദര്‍ശിപ്പിക്കും.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഏറെ പ്രാധാന്യം നല്‍കുന്ന വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തില്‍ രാജ്യത്തു നിരവധി ദേവാലയങ്ങളാണുള്ളത്. വിശുദ്ധന്റെ തിരുശേഷിപ്പ് കാണുന്നതിനും വണങ്ങുന്നതിനുമായി മോസ്കോയിലെ മോസ്ക്വാ നദിയുടെ തീരത്തിന് സമാന്തരമായി വിശ്വാസികളുടെ കിലോമീറ്ററുകളോളം നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇറ്റലിയിലെ ബാരിയിലെ ബസലിക്ക ഡി സാന്‍ നിക്കോള ദേവാലയത്തിലെ അള്‍ത്താരക്ക് കീഴിലുള്ള നിക്കോളാസിന്റെ കല്ലറയില്‍ നിന്നും പുറത്തെടുത്ത വാരിയെല്ലാണ് വിശുദ്ധന്റെ തിരുശേഷിപ്പായി റഷ്യയിലെത്തിച്ചിരിക്കുന്നത്. ബാരിയിലെ ദേവാലയത്തില്‍ കത്തോലിക്കാ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ മെട്രോപ്പോളിറ്റന്‍ ഹിലാരിയോണിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക കുര്‍ബ്ബാനക്ക് ശേഷം കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ക്ക് തിരുശേഷിപ്പ് കൈമാറുകയായിരിന്നു.

തിരുശേഷിപ്പ് റഷ്യയിലെത്തിയതിന്റെ സന്തോഷ സൂചകമായി മോസ്കോയിലെ മുഴുവന്‍ ദേവാലയങ്ങളിലേയും പള്ളിമണികള്‍ തുടര്‍ച്ചയായി മുഴക്കി. കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുശേഷിപ്പെത്തിച്ചതിന് ശേഷം പാത്രിയാര്‍ക്കീസ് കിറിലിന്റെ നേതൃത്വത്തില്‍ പ്രത്യേക ആരാധന നടന്നു. സുരക്ഷക്കായി ഒരു പ്രത്യേക പെട്ടകത്തിലാണ് തിരുശേഷിപ്പ് വെച്ചിരിക്കുന്നത്. തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടരുകയാണ്.


Related Articles »