News - 2024

വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ക്രൈസ്തവര്‍ക്ക് അവസരമൊരുക്കി കൊണ്ട് ഘാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 17-06-2017 - Saturday

അക്ക്രാ: വിശുദ്ധ നാടും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുവാന്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് സഹായവുമായി ഘാനയിലെ ഗവണ്‍മെന്‍റ്. ഘാനയിലെ ചീഫ്റ്റന്‍സി ആന്‍ഡ്‌ റിലീജിയസ് അഫയേഴ്സ് മന്ത്രിയായ സാമുവല്‍ കോഫി അഹിയാവേ സാമേസി തലസ്ഥാനമായ അക്ക്രായില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് തങ്ങളുടെ ആത്മീയത പ്രകടിപ്പിക്കുവാന്‍ അവസരങ്ങള്‍ നല്‍കുന്നത് വഴി രാഷ്ട്രനിര്‍മ്മാണത്തില്‍ ജനങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുവാന്‍ സാധിക്കും. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ആരാധന നടത്തുവാന്‍ പരസ്പര സൗഹാര്‍ദ്ദവും, ആശ്രയത്വവും ആവശ്യമാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റെ ആകുലതകളെ തങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടെന്നും അതിനാലാണ് തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സര്‍ക്കാര്‍ അവര്‍ക്ക് അവസരം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച സംഘാടനപാടവത്തോടുകൂടിയ തീര്‍ത്ഥാടനങ്ങളാണ് തന്റെ മന്ത്രാലയത്തിന്റെ കീഴില്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി മന്ത്രാലയത്തിന്റെ കീഴില്‍ രണ്ട് സബ്-കമ്മിറ്റികള്‍ (പ്ലാനിംഗ് കമ്മിറ്റിയും, സ്ക്രീനിംഗ് കമ്മിറ്റിയും) രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികളില്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് അംഗങ്ങളായിരിക്കുക. വിവിധ സഭകളില്‍ നിന്നുള്ള നൂറോളം പേര്‍ അടങ്ങുന്ന ഒരു സംഘമായിരിക്കും പ്രഥമ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്.

തീര്‍ത്ഥാടനങ്ങളുടെ വിജയത്തിനായി ഇസ്രായേല്‍ എംബസിയുമായി ഘാനയിലെ ബന്ധപ്പെട്ട അധികാരികള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. കാനായിലെ അത്ഭുതത്തിന്റെ ദേവാലയത്തില്‍ വെച്ച് മാമോദീസാ, വിവാഹ ഉടമ്പടികള്‍ പുതുക്കുവാനുള്ള സൗകര്യം, ജെറുസലേം തീര്‍ത്ഥാടന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ തങ്ങളുടെ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതാണെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനങ്ങളുടെ വിജയത്തിനായി ഘാനയിലെ മുഴുവന്‍ ക്രിസ്ത്യാനികളുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.


Related Articles »