News - 2025

ഇന്ത്യയില്‍ നിന്നുള്ള 3 കപ്പൂച്ചിന്‍ വൈദികര്‍ ഘാനയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി

പ്രവാചകശബ്ദം 16-12-2024 - Monday

അക്ര, ഘാന: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം. ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ് ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദികരായ ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നിവരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് ക്രൂരമര്‍ദ്ദനത്തിനിരയായത്. ബുള്‍ഡോസര്‍ മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

2005 മുതല്‍ ഘാനയില്‍ മിഷ്ണറി പ്രവര്‍ത്തനം നടത്തിവരുന്ന ഈ വൈദികര്‍ ഓട്ടി മേഖലയിലെ എന്‍ക്വാണ്ട-നോര്‍ത്ത് ജില്ലയിലെ ക്പാസായിലാണ് താമസിക്കുന്നത്. എന്‍ക്വാണ്ട സൗത്ത് ഇടവകയിലെ ചൈസോയില്‍ ഫോര്‍മേഷന്‍ ഭവനം പണിയുന്നതിനായിരുന്നു ബുള്‍ഡോസര്‍ വാടകക്കെടുത്തത്. ബുള്‍ഡോസറിന് വാടകയായി പറഞ്ഞിരിന്ന 9700 ഘാന സെഡി നല്‍കിയ ശേഷം എന്‍ക്വാണ്ട സൗത്ത് മുനിസിപ്പാലിറ്റിയിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കൊപ്പം ചൈസോയിലെ പെട്രോള്‍ സ്റ്റേഷനില്‍ ഇന്ധനം നിറക്കുവാന്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം.

ഏതാണ്ട് അരമണിക്കൂറോളം നീണ്ട ആക്രമണത്തില്‍ നിന്നും ഘാനയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ രക്ഷിച്ചത്. മോഷണം ആരോപിച്ചതിനെ തുടര്‍ന്നു പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും ജസ്സിക്കന്‍ രൂപത ഇടപെട്ടതിനെതുടര്‍ന്ന് വിട്ടയക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബിന്റെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ യെണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് സുന്യാനി മെത്രാനും, ഘാന മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ബിഷപ്പ് മാത്യു ക്വാസി ഗ്യാംഫിയുമായി ഘാന പോലീസ് മേധാവിയെ ബന്ധപ്പെട്ടു. സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്നും, അക്രമികളെ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, എൻക്വാണ്ട-സൗത്ത് മണ്ഡലത്തിലെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് (എന്‍.ഡി.സി) ബ്രാഞ്ച് നേതൃത്വം മര്‍ദ്ദനത്തിനിരയായ വൈദികരോടും, രൂപതയോടും ക്ഷമാപണം നടത്തിയിട്ടുണ്ട്. ഘാനയുടെ സമഗ്രവികസനത്തില്‍ കത്തോലിക്ക സഭക്കും വൈദികര്‍ക്കും നിര്‍ണ്ണായകമായ പങ്കാണുള്ളത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »