News - 2024

മരണത്തെ പുഞ്ചിരിയോടെ വരവേറ്റ സിസ്റ്റര്‍ സിസിലിയയുടെ സ്മരണക്ക് ഒരു വയസ്സ്

സ്വന്തം ലേഖകന്‍ 25-06-2017 - Sunday

ബ്യൂണസ്‌ ഐറിസ്: ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായ 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' സന്യാസിനി സിസ്റ്റര്‍ സിസിലിയയുടെ ഓര്‍മ്മയ്ക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നാണ് അര്‍ജന്റീനയിലെ സെന്റ് തെരേസ ആന്‍ഡ് ജോസഫ് മൊണാസ്ട്രിയിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സിസിലിയ നിത്യതയിലേക്ക് യാത്രയായത്.

ആശുപ്രത്രിയില്‍ ക്യാന്‍സറിന്റെ കടുത്ത വേദനകളറിഞ്ഞ് മരണത്തിനു കീഴങ്ങുമ്പോഴും പുഞ്ചിരി പ്രതിഫലിപ്പിച്ച 43 വയസുകാരിയായ സിസ്റ്റര്‍ സിസിലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വലിയ രീതിയിലാണ് വൈറലായത്.

26-ാം വയസില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിസിലിയ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്നു സഭാവസ്ത്രം സ്വീകരിച്ചു. കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ സിസ്റ്ററിന്റെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിക്കുകയായിരിന്നു.

എന്നാല്‍ ക്യാന്‍സറിന് സിസ്റ്ററിന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. രോഗം ഗുരുതരമായി കിടപ്പിലാകുന്നതിനു മുമ്പുവരെ വയലിനില്‍ പ്രാര്‍ഥനാഗീതങ്ങള്‍ വായിക്കുന്നത് സിസിലിയ മുടക്കിയിരുന്നില്ല.

2016 ജൂണ്‍ 23നു മരണത്തോട് അടുക്കുന്ന ഓരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി അനേകരെ അത്ഭുതപ്പെടുത്തി. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തി. രോഗത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നതെന്നാണ് അന്ന്‍ പലരും അഭിപ്രായപ്പെട്ടത്.

സിസ്റ്ററിന്റെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'പുഞ്ചിരിക്കുന്ന സിസ്റ്ററിന്റെ' ചിത്രങള്‍ സോഷ്യല്‍ മീഡിയായില്‍ വീണ്ടും വൈറലാകുകയാണ്. ചെറിയ വേദനകള്‍ക്ക് പോലും ദുഃഖമനുഭവിക്കുന്ന അനേകര്‍ക്ക് മുന്നില്‍ വലിയ സാക്ഷ്യമാണ് സിസ്റ്റര്‍ സിസിലിയ മരണസമയത്ത് നല്കിയ മാതൃക.


Related Articles »