News - 2024

റഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് വീണ്ടും ഇറ്റലിയില്‍

സ്വന്തം ലേഖകന്‍ 31-07-2017 - Monday

മോസ്ക്കോ/ റോം: റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഏറെ പ്രാധാന്യം നല്‍കുന്ന വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് രണ്ടു മാസത്തെ റഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി ഇറ്റലിയിലെ ബാരിയില്‍ തിരിച്ചെത്തി. രണ്ടുമാസത്തിനിടെ ഏതാണ്ട് രണ്ടു ദശലക്ഷത്തിലധികം വിശ്വാസികളാണ് തിരുശേഷിപ്പ് വണങ്ങുവാനെത്തിയതായി കണക്കാക്കപ്പെടുന്നത്. മെയ് 21നു ആണ് വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് റഷ്യയിലെത്തിച്ചത്.

തിരുശേഷിപ്പ് സ്വീകരിക്കുന്നതിനും, ദിവ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുമായി റഷ്യന്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം വിശ്വാസികളാണ് മോസ്കോയിലെ 'ക്രൈസ്റ്റ് ദി സേവ്യര്‍ കത്തീഡ്രലില്‍’ എത്തിയത്. 1087-മുതല്‍ ഇറ്റലിയിലെ ബാരിയില്‍ സൂക്ഷിച്ചുവരികയായിരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് 2016-ല്‍ ഫ്രാന്‍സിസ് പാപ്പായും പാത്രിയാര്‍ക്കീസ് കിറിലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമായിരുന്നു റഷ്യയില്‍ എത്തിച്ചത്. തൊള്ളായിരം വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് തിരുശേഷിപ്പ് ബാരിവിട്ട് പുറത്തേക്ക് കൊണ്ടുപോയത്.

തിരുശേഷിപ്പ് ഇറ്റലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മുന്‍പ് ജൂലൈ 28-ന് നടത്തിയ പ്രാര്‍ത്ഥനയില്‍ ഓര്‍ത്തഡോക്സ് സഭാനേതാക്കളോടൊപ്പം, വത്തിക്കാന്‍ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റിയുടെ തലവനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, ബാരിയിലെ മെത്രാപ്പോലീത്തയായ ഫ്രാന്‍സെസ്ക്കോ കാക്കൂസി എന്നിവരും പങ്കെടുത്തിരുന്നു. റഷ്യയിലെ വിശ്വാസികളില്‍ നിന്നും, മതനേതാക്കളില്‍ നിന്നും ലഭിച്ച സ്വീകരണം തങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നുവെന്ന് മെത്രാപ്പോലീത്തയായ ഫ്രാന്‍സെസ്ക്കോ കാക്കൂസി അഭിപ്രായപ്പെട്ടു.

ജൂലൈ 12 വരെ മോസ്കോയിലെ 'ക്രൈസ്റ്റ് ദി സേവ്യര്‍ കത്രീഡലിലും' ജൂലൈ 13 മുതല്‍ 28 വരെ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ അലക്സാണ്ടര്‍ നേവ്സ്കി ആശ്രമത്തിലും തിരുശേഷിപ്പ് പൊതുജനങ്ങള്‍ക്ക് കാണുന്നതിനും, വണങ്ങുന്നതിനുമായി പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് ക്രിസ്തുമസ്സ് സമ്മാനവുമായിവരുന്ന ‘സാന്താക്ലോസ്’ എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന വിശുദ്ധ നിക്കോളാസ് ‘അത്ഭുതപ്രവര്‍ത്തകനായ നിക്കോളാസ്’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിവിധ ക്രൈസ്തവ സഭകള്‍ ബഹുമാനിച്ചു വരുന്ന വിശുദ്ധന്‍ മിറായില്‍ നാലാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്.


Related Articles »