News - 2025
ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ രൂപം നിര്‍മ്മിക്കാന്‍ മെക്സിക്കോ തയാറെടുക്കുന്നു
സ്വന്തം ലേഖകന്‍ 14-10-2017 - Saturday
മെക്സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം നിര്‍മ്മിക്കാന്‍ മെക്‌സിക്കോയില്‍ അധികാരികള്‍ തയാറെടുക്കുന്നു. മെക്സിക്കോയിലെ സകാറ്റേകാസിൽ, ഗ്വാഡലൂപ്പയില്‍ പ്രത്യക്ഷപ്പെട്ട മാതാവിന്റെ തിരുസ്വരൂപമാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. ലക്ഷകണക്കിനു തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഗ്വാഡലൂപ്പയില്‍ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള മരിയന്‍ രൂപം സ്ഥാപിക്കുവാന്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയത്.
നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന രൂപത്തിന് നൂറ്റിയമ്പത്തിനാല് അടിയോളം ഉയരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെനിസ്വേലയിലെ കന്യകാ മാതാവിന്റെ സ്വരൂപമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം. മെക്സിക്കോയിലെ ക്രൈസ്റ്റ് ദി കിംഗ് രൂപത്തേക്കാൾ ഉയരത്തിലാണ് മാതാവിന്റെ രൂപം പണികഴിപ്പിക്കുക. നേരത്തെ രാജ്യത്തിന്റെ കിഴക്ക് പ്യൂബല്ലയിൽ അറുപത്തിയാറ് അടി ഉയരത്തിൽ ഗ്വാഡലൂപ്പ തിരുസ്വരൂപം സ്ഥാപിച്ചിരിന്നു.
66അടി ഉയരത്തിലാണ് ഈ രൂപം സ്ഥിതിചെയ്യുന്നത്. പുതിയ പദ്ധതിയ്ക്കായി നാൽപത്തിരണ്ട് ലക്ഷത്തോളം ഡോളറാണ് നിര്‍മ്മാണ ചിലവായി കണക്കാക്കുന്നത്. ഇതില്‍ 62.5ശതമാനവും സ്വകാര്യമേഖലയില്‍ നിന്നും സ്വരൂപിക്കാനാണ് പദ്ധതി. തീർത്ഥാടകരുടെ വരവ് ടൂറിസം മേഖലയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നായി ഗ്വാഡലൂപ്പ മുൻസിപ്പാലിറ്റി മേയർ 'എൽ യൂണിവേഴ്സൽ' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.