News
ഗ്വാഡലൂപ്പ തിരുനാള്‍ ദിനത്തില്‍ അമേരിക്കന്‍ ഭരണ സിരാകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം
പ്രവാചകശബ്ദം 13-12-2024 - Friday
വാഷിംഗ്‌ടണ്‍ ഡി.സി: ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് അമേരിക്കന്‍ ഭരണ സിരാകേന്ദ്രമായ യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം. ഇന്നലെ ഡിസംബര്‍ 12 വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റും യു.എസ് മിലിട്ടറി സര്‍വീസ് അതിരൂപതയുടെ തലവനുമായ മെത്രാപ്പോലീത്ത തിമോത്തി ബ്രോഗ്ലിയോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ന്യൂ ജേഴ്സി പ്രതിനിധി ക്രിസ് സ്മിത്ത് ഉള്‍പ്പെടെ യുഎസ് കോണ്‍ഗ്രസിലെ കത്തോലിക്ക അംഗങ്ങളും ജീവനക്കാരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുക്കൊണ്ടു.
ഇവിടെയുള്ള കത്തോലിക്കര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നുള്ളത് വളരെക്കാലമായിട്ടുള്ള തന്റെ ആഗ്രഹമായിരുന്നെന്നും, ഗ്വാഡലൂപ്പ മാതാവ് ഈ ഭൂഖണ്ഡത്തിന്റെ സംരക്ഷകയായതിനാല്‍ മാതാവിന്റെ ഈ തിരുനാള്‍ ആഘോഷം വളരെയേറെ പ്രാധാന്യമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഈ സ്ഥലത്തിനും ഇവിടെയുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ലഭിച്ച വലിയായ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ മെത്രാപ്പോലീത്തയെ ലഭിച്ചത് പങ്കെടുത്തവര്‍ക്കും, ഈ സ്ഥലത്തിനും ശരിക്കും ഒരു അനുഗ്രഹം തന്നെയാണെന്നു ജനപ്രതിനിധിയായ സ്മിത്ത് പറഞ്ഞു.
മാതാവിന്റെ ഉത്തരീയത്തിന്റെ ഒരു പകര്‍പ്പ് തന്റെ ഓഫീസില്‍ തൂങ്ങിക്കിടക്കുന്നുണ്ടെന്നും തന്നെ കാണുവാന്‍ വരുന്നവരെല്ലാം തന്നെ ഈ ഉത്തരീയത്തെ ശ്രദ്ധിക്കുന്നുണ്ടെന്നും, തന്റെ ഓഫീസിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും, പ്രോലൈഫ് പ്രവര്‍ത്തനങ്ങളും മാതാവിന്റെ മേലങ്കിക്ക് കീഴില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വിശുദ്ധ കുര്‍ബാനക്ക് ശേഷം മെത്രാപ്പോലീത്തയെ കാണുവാനും ദിവ്യകാരുണ്യ സ്വീകരണം നടത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പെലോസിയുടെ പ്രതിനിധി മെത്രാപ്പോലീത്തയെ അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം നാന്‍സി പെലോസിയുമായി കൂടിക്കാഴ്ച നടത്തി.
എന്നാല്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞതിനാല്‍ ദിവ്യകാരുണ്യം നല്‍കിയില്ല. (നിഷ്കളങ്കരായ കുരുന്നുകളുടെ ജീവനെടുക്കുന്ന ഭ്രൂണഹത്യയെ പിന്തുണക്കുകയും, അതോടൊപ്പം താനൊരു ഭക്തയായ കത്തോലിക്കയാണെന്ന് അവകാശപ്പെടുകയും ചെയ്ത വ്യക്തിയാണ് നാന്‍സി. ഇവര്‍ക്ക് എതിരെ സഭയില്‍ നിന്നു തന്നെ നേരത്തെ എതിര്‍പ്പ് ഉയര്‍ന്നിരിന്നു). ഇതിന് മുന്‍പും കാപ്പിറ്റോള്‍ ഹില്ലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നിട്ടുണ്ട്, 2023-ലെ ഈസ്റ്റര്‍ ദിനത്തില്‍ തോമസ് മൂര്‍ സൊസൈറ്റി കാപ്പിറ്റോള്‍ മന്ദിരത്തിലെ സ്റ്റാറ്റുവറി ഹാളില്‍വെച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. എഫ്.ബി.ഐ മെമ്മോയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരിയിലും കാപ്പിറ്റോള്‍ മന്ദിരത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟