News
പാക്കിസ്ഥാനില്‍ പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
സ്വന്തം ലേഖകന്‍ 01-11-2017 - Wednesday
ലാഹോര്‍: പാക്കിസ്ഥാനിലെ ഷേഖ്പുരയിലുള്ള 12 വയസ്സുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തി. ആറാം ക്ലാസ്സില്‍ പഠിക്കുന്ന മിഷാല്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ന്യൂനപക്ഷ വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമായി പിച്ചിചീന്തപ്പെട്ടത്. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. മിഷാലിനെ സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തുകയായിരിന്നു. ബാലികയുടെ ശരീരത്തില്‍ സിഗരറ്റ് കൊണ്ട് കുത്തിപൊള്ളലേല്‍പ്പിച്ചിട്ടുമുണ്ട്.
അതേസമയം പോലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അധികാരികള്‍ നിഷ്ക്രിയത്വം തുടരുകയാണെന്നും പെണ്‍കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിക്കും മിഷാലിന്റെ മാതാവ് പരാതി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും ആയിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ക്രൂരതകള്‍ക്ക് ഇരയാവുന്നുണ്ടെന്ന് പ്രമുഖ കത്തോലിക്ക മാധ്യമമായ ഫിഡ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പലപ്പോഴും പോലീസിന്റെ ഒത്താശയോടെയാണ് ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നതെന്നും ആക്ഷേപമുണ്ട്. മാനഭംഗപ്പെടുത്തിയ ശേഷം ജനനേന്ദ്രിയങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുന്നതും അക്രമത്തിന്റെ ക്രൂരത എടുത്തുക്കാട്ടുന്നു. ന്യൂനപക്ഷമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും മാംനഭംഗപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുവരികയാണ്. പീഡനാന്തരം ഇസ്ലാം മതസ്ഥരെ വിവാഹം ചെയ്യുവാന്‍ ഈ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും 'ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
2015-ല്‍ കോമള്‍ എന്ന പതിനഞ്ചുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയിരിന്നു. പതിനഞ്ച് വയസ്സിന് താഴെയുള്ള നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ആക്രമണത്തിനു ഇരയായിട്ടുണ്ട്. മതപരിവര്‍ത്തനത്തിന് വിധേയമായി ഇസ്ലാം മതം സ്വീകരിക്കാത്ത ക്രൈസ്തവര്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് തീവ്രമുസ്ലിം സംഘടനകള്‍ നടത്തുന്നുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ലാഹോറില്‍ പന്ത്രണ്ട് വയസുള്ള ക്രൈസ്തവ ബാലികയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരിന്നു.