News

കുടിയേറ്റ ജനതയ്ക്ക് ഇത് ധന്യനിമിഷം: മാർ ജോസഫ് പാംപ്ലാനി അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 08-11-2017 - Wednesday

തലശ്ശേരി: കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി എത്തിയ അയ്യായിരത്തോളം വിശ്വാസികളെ സാക്ഷിയാക്കി തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി മാർ ജോസഫ് പാംപ്ലാനി അഭിഷിക്തനായി. ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. അതിരൂപയുടെ മോൺസിഞ്ഞോറായ ജോസഫ് പാംപ്ലാനിയെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവു ചാൻസിലർ ഫാ തോമസ് തെങ്ങുംപളളിയിൽ വിശ്വാസിസമൂഹത്തെ വായിച്ചു കേൾപ്പിച്ചു. പിന്നീട് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നൽകി.

തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ പ്രത്യേകം തയറാക്കിയ വേദിയിലാണു മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. 34 മെത്രാൻന്മാര്‍ ചടങ്ങിൽ പങ്കെടുത്തു. ആഘോഷപൂർവമായ കുർബാനയും ശേഷം നിയുക്ത സഹായമൊത്രാന് ആശംസകൾ നേർന്നുകൊണ്ട് പൊതുസമ്മേളനവും നടന്നു. ഹ്രസ്വമായ ചടങ്ങില്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. എം. സൂസപാക്യം, ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എളൂക്കുന്നേല്‍ നന്ദി പറഞ്ഞു. ബിഷപ്പുമാര്‍, വികാരി ജനറാള്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, അല്മായ പ്രതിനിധികള്‍ തുടങ്ങി ആയിരകണക്കിനാളുകളാണ് ചടങ്ങില്‍ സംബന്ധിച്ചത്.


Related Articles »