News

കേള്‍ക്കാത്തവരുടെ ശബ്ദമാകാന്‍ ഫാ. പോള്‍ ഫ്‌ളെച്ചര്‍ ഇന്ന് ബലിയര്‍പ്പിക്കും

സ്വന്തം ലേഖകന്‍ 19-11-2017 - Sunday

കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബധിരരായ വിശ്വാസികള്‍ക്കായി ഇംഗ്ലണ്ടില്‍ നിന്നുള്ള ജന്മനാ ബധിരനായ ജസ്യൂട്ട് വൈദികന്‍ ഫാ. പോള്‍ ഫ്‌ളെച്ചര്‍ ഇന്ന് ബലിയര്‍പ്പിക്കും. ബധിരസഹോദരങ്ങള്‍ക്കായി ബധിരനായ വൈദികന്റെ ബലിയര്‍പ്പണം കേരളത്തില്‍ ഇത് ആദ്യമായാണ് നടക്കുന്നത്. ചുറ്റുപാടുമുള്ള ബധിരരുടെ ആത്മീയ, സാമൂഹിക വളര്‍ച്ചയ്ക്കുവേണ്ടി ജീവിതം മാറ്റിവച്ച ഫാ. പോള്‍ തീര്‍ത്ഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണു ദിവ്യബലി അര്‍പ്പിക്കുക.

ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ബിജു ലോറന്‍സ് മൂലക്കരയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡഫ് മിനിസ്ട്രിയെക് കുറിച്ചറിഞ്ഞ് അതിന്റെ ഭാഗമായാണു ദിവ്യബലിയര്‍പ്പിക്കാന്‍ ഫാ. ഫ്‌ളെച്ചര്‍ സന്നദ്ധനായത്. ബധിരരുടെ ആത്മീയ ആവശ്യങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നിര്‍വഹിക്കുന്നതിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുന്നതിനുമുള്ള പരിശ്രമങ്ങളില്‍ സജീവനായ ഫാ. ഫ്‌ളെച്ചര്‍ ഇംഗ്ലണ്ടിലെ ഒരു ജസ്യൂട്ട് കമ്യൂണിറ്റിയുടെ സുപ്പീരിയറാണ്. സംസാരിക്കാനും കേള്‍ക്കാനുമാകുന്ന വൈദികരുടെ കമ്യൂണിറ്റിയിലാണ്, സുപ്പീരിയറായതെന്നതു മറ്റൊരു പ്രത്യേകത.

ബധിരര്‍ക്കായി ആംഗ്യഭാഷയില്‍ ഹോളിക്രോസ് ഡഫ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിജു ലോറന്‍സ് മൂലക്കര എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയര്‍പ്പിക്കുന്നുണ്ട്. ഭരണങ്ങാനം, തൃശൂര്‍ പുത്തന്‍പള്ളി, ഇടപ്പള്ളി, അര്‍ത്തുങ്കല്‍ എന്നീ പള്ളികളിലാണു പ്രതിമാസം ഒന്നു മുതല്‍ നാലുവരെയുള്ള ഞായറാഴ്ചകളില്‍ ദിവ്യബലി. ബധിരര്‍ക്കായി ഒരാള്‍ ഇന്ത്യയില്‍ ആദ്യമായി വൈദിക പരിശീലനം നടത്തിവരുന്നുണ്ടെന്നു ഡയറക്ടര്‍ ഫാ. ബിജു ലോറന്‍സ് മൂലക്കര പറയുന്നു. ബധിരനായ ദക്ഷിണകൊറിയന്‍ സ്വദേശി ഫാ. മിന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പു മുംബൈയിലെത്തി ബധിരസമൂഹത്തിനായി ദിവ്യബലിയര്‍പ്പിച്ചിരുന്നു. ഫാ. പോള്‍ ഫ്‌ളെച്ചര്‍ അടക്കം കത്തോലിക്കാസഭയില്‍ ബധിരരായ 26 വൈദികരാണുള്ളത്.




Related Articles »