News

മിഷ്ണറി സന്യാസ സമൂഹത്തിന്റെ സ്ഥാപക കാത്തലീന മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 26-11-2017 - Sunday

കൊർദാബോ: ‘യേശുവിന്റെ ഹൃദയത്തിന്റെ സഹോദരികൾ’ എന്ന മിഷ്ണറി സന്യാസ സമൂഹത്തിന്റെ സ്ഥാപകയും നിരവധി സന്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത കാത്തലീന ദെ മരിയ റൊഡ്രീഗസിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്നലെ തെക്കെ അമേരിക്കയിലെ കോർദോബാ നഗരത്തിൽ വെച്ച് നടന്ന തിരുകര്‍മ്മത്തില്‍ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോയാണ് കാത്തലീന ദെ മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

1823 ൽ കൊർദോബയിലാണ് കാത്തലീന ദെ മരിയ റൊഡ്രീഗസിന്റെ ജനനം. തനിക്ക് ദൈവവിളി ഉണ്ടെന്ന് തിരിച്ചറിഞ്ഞ അവള്‍ ആരംഭ കാലഘട്ടത്തില്‍ ജെസ്യൂട്ട് വൈദികർക്കൊപ്പമാണ് ശുശ്രൂഷ ചെയ്തുകൊണ്ടിരിന്നത്. ക്രിസ്തുവിന്റെ മണവാട്ടിയാകാനുള്ള ആഗ്രഹം അവളില്‍ ശക്തമായിരിന്നെങ്കിലും ഫാ. റ്റിബൂറിക്കോ ലോപ്പസ് എന്ന അവളുടെ ആത്മീയ പിതാവിന്റെ നിര്‍ദ്ദേശം മറ്റൊന്നായിരിന്നു. കുടുംബജീവിതം നയിക്കുക എന്നതായിരിന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അങ്ങനെ 1852 ൽ വിഭാര്യനും രണ്ടുകുട്ടികളുടെ പിതാവുമായ മാനുവൽ അന്റോണിയോയെ അവള്‍ വിവാഹം ചെയ്തു.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1865 ൽ രോഗബാധിതനായി ഭർത്താവ് മരിച്ചതിനെ തുടർന്ന് കാത്തലീന ദിവ്യകാരുണ്യത്തിന്റെ മുന്നിൽ വെച്ച് താൻ സന്ന്യാസ ജീവിതം തെരഞ്ഞെടുക്കുന്നതായി പ്രതിജ്ഞ ചെയ്തു. ഇതേ തുടര്‍ന്നാണ് മിണ്ടാമഠം മാത്രമുണ്ടായിരുന്ന അർജന്റീനയിൽ 1872 ൽ പ്രേഷിത സമർപ്പിതജീവിത സമൂഹമായ ‘യേശുവിന്റെ ഹൃദയത്തിന്റെ സഹാദരികൾ’ കാത്തലീന സ്ഥാപിച്ചത്. കേവലം മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ 1875 ൽ സന്ന്യാസ ഭവനത്തിന്റെ മദർ ഹൗസ് സ്ഥാപിക്കുകയും 1886 ൽ സാന്റിയാഗോ എസ്‌ട്രോയിലും 1889 ൽ ടുകുമാനിലും സന്യാസ ഭവനങ്ങൾ ആരംഭിക്കുകയും ചെയ്തു.

1893-ൽ ബ്യൂണേഴ്സ് ഐറിസ് ആർച്ച് ബിഷപ്പായ ലിയോൺ ഫെഡറിക്കോ തന്റെ രൂപതയിൽ സന്ന്യാസ ഭവനം സ്ഥാപിക്കാൻ കാത്തലീനയോട് ആവശ്യപ്പെട്ടു. സന്ന്യാസഭവനം സ്ഥാപിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1896 ഏപ്രിൽ 5നു അവൾ ദൈവസന്നിധിയിലേക്ക് യാത്രയായി. 1997 ഡിസംബർ 18 ന് കാത്തലീനയുടെ ജീവിതത്തിലെ വീരോചിത നന്മകൾ അംഗീകരിച്ച ജോൺപോൾ രണ്ടാമൻ പാപ്പ അവളെ ധന്യ പദവിയിലേക്ക് ഉയർത്തുകയായിരിന്നു. കാത്തലീനയുടെ മധ്യസ്ഥതയിൽ ഹൃദ്രോഗ ബാധിതയായ രോഗി സുഖപ്പെട്ടതോടെയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാൻ മാര്‍പാപ്പ അനുമതി നല്‍കിയത്.


Related Articles »