News - 2024

ഇറാഖിലെ ചരിത്ര പ്രാധാന്യമുള്ള ക്രൈസ്തവ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

സ്വന്തം ലേഖകന്‍ 29-11-2017 - Wednesday

ബാഗ്ദാദ്: ചരിത്രപരവും പുരാവസ്തുപരവുമായി പ്രാധാന്യവുമുള്ള ഇറാഖിലെ ക്രൈസ്തവ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍. കര്‍ബലാക്കും നജഫിനും ഇടയിലുള്ള ഏതാണ്ട് നാനൂറോളം ക്രൈസ്തവ കേന്ദ്രീകൃതമായ സ്ഥലങ്ങളാണ് ഗവണ്‍മെന്റിന്റെ അനാസ്ഥയെ തുടര്‍ന്നു ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായി പരിഗണിക്കപ്പെട്ടുവരുന്ന നൂറുകണക്കിന് പൗരാണിക സ്ഥലങ്ങളില്‍ മിക്കതും നശിച്ചുകൊണ്ടിരിക്കുകയും മറ്റ് ചിലത് അപ്രത്യക്ഷമായികൊണ്ടിരിക്കുകയുമാണ്.

അസ്സീറിയന്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ നേതാവും, പാര്‍ലമെന്ററി ലേബര്‍ ആന്‍ഡ്‌ സോഷ്യല്‍ അഫയേഴ്സ്, ക്രിസ്ത്യന്‍ പാര്‍ലമെന്റെറി അംഗവുമായ യോനാദം കന്നയാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. പുരാവസ്തുപരവുമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടും അവയെ തടയുവാനോ, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനോ ഇറാഖിലെ കേന്ദ്ര സാംസ്കാരിക-വിനോദ മന്ത്രാലയം ഒന്നും തന്നെ ചെയ്തില്ലെന്ന ശക്തമായ ആരോപണം അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു.

കേന്ദ്ര സാംസ്കാരിക-വിനോദ മന്ത്രാലയം ഇവയെ സംരക്ഷിക്കുന്നതിനാവശ്യമായ തുക നല്‍കാത്തതാണ് പുരാവസ്തുമേഖലകളുടെ നാശത്തിന്റെ മുഖ്യകാരണമായി യോനാദം കന്ന ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇവ സംരക്ഷിക്കുന്നതിന് സംരക്ഷണവേലികളുടേയും കാവല്‍ക്കാരുടേയും ആവശ്യമുണ്ടെന്നും എന്നാല്‍ മതിയായ ഫണ്ടില്ലെന്നുമാണ് സാംസ്കാരിക-വിനോദ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയായ ക്വായിസ്‌ ഹുസൈന്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

കല്‍ദായ സഭാ പാത്രിയാര്‍ക്കീസായ ലൂയീസ്‌ റാഫേല്‍ സാകോയും ഇറാഖി സംസ്കാരത്തിന്റെ മുഖമുദ്രകളായ സ്ഥലങ്ങളെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. നിരവധി അപേക്ഷകളാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുരാവസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിനുള്ള പോരാട്ടം ഇറാഖി ഗവണ്‍മെന്റ് പുനഃരാരംഭിച്ചിട്ടുണ്ട്. ഐ‌എസിനെ പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ തങ്ങളുടെ ഭീകരാക്രമണങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുവാന്‍ ക്രൈസ്തവ പുരാവസ്തുക്കളുടെ കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.


Related Articles »