News - 2024

ആയിരങ്ങളുടെ പ്രാര്‍ത്ഥനാ മദ്ധ്യേ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷത്തിന് ആരംഭം

സ്വന്തം ലേഖകന്‍ 29-11-2017 - Wednesday

കറാച്ചി: തിരുവോസ്തിയില്‍ സന്നിഹിതനായ യേശുവിനോടുള്ള ആഭിമുഖ്യത്തില്‍ ആഴപ്പെടുവാന്‍ പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷാചരണത്തിന് തുടക്കമായി. നവംബര്‍ 24നു കറാച്ചിയിലെ സദ്ദാര്‍ സെന്റ്‌ പാട്രിക്ക് കത്തീഡ്രലില്‍ വെച്ചാണ് ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. മെത്രാന്‍മാരുടെ സമൂഹബലിയെ തുടര്‍ന്നു നടന്ന ചടങ്ങില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്.

പൊതുസമ്മേളനവും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് 2018-നെ ദിവ്യകാരുണ്യത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതെന്ന് മുള്‍ട്ടാന്‍ രൂപതാധ്യക്ഷനും ദേശീയ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് ബെന്നി ട്രാവാസ് നേരത്തെ വ്യക്തമാക്കിയിരിന്നു.

“ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വാക്യമാണ് ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയമായി തിരഞ്ഞെടുത്ത് രാജ്യത്തെ കത്തോലിക്ക സമൂഹം ധ്യാനിക്കുന്നത്. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ എല്ലാ രൂപതകളിലും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക.


Related Articles »