Youth Zone

യേശുവിലുള്ള വിശ്വാസം നവീകരിച്ച് ബംഗ്ലാദേശി യുവത്വം

സ്വന്തം ലേഖകന്‍ 28-02-2018 - Wednesday

ഗാസിപൂര്‍: യേശുവിലുള്ള വിശ്വാസം പ്രഖ്യാപിച്ചും വിശ്വാസ നവീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നും ബംഗ്ലാദേശിലെ 33-ാമത് ‘ദേശീയ യുവജനദിനാഘോഷം’ വിജയകരമായി സമാപിച്ചു. ഫെബ്രുവരി 21 മുതല്‍ 25 വരെ ഗാസിപൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ നാനൂറിലധികം യുവജനങ്ങളാണ് പങ്കെടുത്തത്. ബംഗ്ലാദേശിലെ എപ്പിസ്കോപ്പല്‍ കമ്മീഷന്‍ ഫോര്‍ യൂത്ത് (ECY) ന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ‘യുവജനങ്ങള്‍, വിശ്വാസവും ദൈവനിയോഗത്തെകുറിച്ചുള്ള തിരിച്ചറിവും’ എന്നതായിരുന്നു 33-ാമത് ‘ദേശീയ യുവജനദിന’ത്തിന്റെ മുഖ്യ പ്രമേയം.

പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, വിശുദ്ധ കുര്‍ബാന, ആരാധന, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവക്ക് പുറമേ സംഗീതം, നൃത്തം തുടങ്ങിയ വിനോദപരിപാടികളും തീര്‍ത്ഥാടനവും ദേശീയ യുവജന സംഗമത്തെ അവിസ്മരണീയമാക്കി. ഭാവിയില്‍ തങ്ങള്‍ ആരായിതീരണമെന്ന തിരഞ്ഞെടുപ്പ് യുവജനങ്ങള്‍ തീര്‍ച്ചയായും നടത്തിയിരിക്കണമെന്ന് എപ്പിസ്കോപ്പല്‍ കമ്മീഷന്‍ ഫോര്‍ യൂത്തിന്റെ അദ്ധ്യക്ഷനായ മോണ്‍സിഞ്ഞോര്‍ സുബ്രാട്ടോ ലോറന്‍സ് ഹൗലാഡര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ യുവജനങ്ങള്‍ തങ്ങളുടെ ചിന്തക്കനുസൃതമായി നീങ്ങണം. ദൈവത്തിന്റെ കൃപാകടാക്ഷമുള്ളവരാണ് അവര്‍. സഭയോടും, കുടുംബത്തോടുമൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് തങ്ങള്‍ ആരായി തീരണമെന്ന് തീരുമാനിക്കേണ്ടത് യുവജനങ്ങള്‍ തന്നെയാണെന്നും മോണ്‍. സുബ്രാട്ടോ പറഞ്ഞു. തങ്ങളുടെ ക്രൈസ്തവ വിശ്വാസം നവീകരിക്കുവാന്‍ പരിപാടി സഹായിച്ചുവെന്ന് പങ്കെടുത്ത യുവജനങ്ങള്‍ ഒന്നടങ്കം പ്രഖ്യാപിച്ചു.

പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും, പഴയ ബന്ധങ്ങള്‍ പുതുക്കുവാനും, ക്രിസ്തീയവിശ്വാസത്തെ ശക്തിപ്പെടുത്തുവാനും പരിപാടി സഹായിച്ചുവെന്നു ധാക്ക രൂപതയിലെ ലായല്‍ റൊസാരിയോ പറഞ്ഞു. സഭയുടെ ഭാവി തങ്ങളാണെന്ന് തിരിച്ചറിവാന്‍ ‘നാഷണല്‍ യൂത്ത് ഡേ’ പരിപാടി സഹായിച്ചതായി സമ്മേളനത്തില്‍ പങ്കെടുത്ത സഞ്ചിത എന്ന യുവതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെകുറിച്ചും, മയക്കുമരുന്നുപയോഗത്തെ കുറിച്ചുമുള്ള ക്ലാസ്സുകളും പരിപാടിയുടെ ഭാഗമായി നടന്നു.


Related Articles »