India - 2024
ഓഖി ഇരകള്‍ക്ക് സീറോ മലബാർ സഭയുടെ 4.95 കോടി രൂപ സഹായം
സ്വന്തം ലേഖകന്‍ 20-03-2018 - Tuesday
കൊച്ചി: ഓഖി ദുരന്തത്തിന്റെ ഇരകളായ മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസ പ്രവർത്തനങ്ങൾക്കു സീറോ മലബാർ സഭയുടെ 4.95 കോടി രൂപയുടെ സഹായം. നേരത്തെ ദുരന്ത പ്രദേശങ്ങളിൽ രണ്ടരക്കോടി രൂപയുടെ അടിയന്തര സഹായവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നേരിട്ട് എത്തിച്ചു. തുടർന്നു കെസിബിസിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾക്കായി സീറോ മലബാർ സഭയിലെ വിവിധ രൂപതകളും സന്യാസസമൂഹങ്ങളും 2.45 കോടി രൂപ സമാഹരിച്ചു.
കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷനാണ് ഈ തുക സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുക. സീറോ മലബാർ സിനഡ് രൂപം നൽകിയ സീറോ മലബാർ സോഷ്യൽ ഡെവലപ്മെന്റ് നെറ്റ് വർക്കിന്റെ (സ്പന്ദൻ) നേതൃത്വത്തിലാണു സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കുള്ള വിഭവസമാഹരണവും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതെന്നു ചീഫ് കോ- ഓർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു. നേരത്തെ തീരദേശ ജനതയ്ക്കു ലത്തീന്‍ സഭ നൂറു കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിന്നു.