News - 2024

സീറോ മലബാർ സഭ അസംബ്ലി നാളെ മുതൽ; ഇനി പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങൾ

പ്രവാചകശബ്ദം 21-08-2024 - Wednesday

കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം നാളെ ഓഗസ്റ്റ് 22നു പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ ആരംഭിക്കും. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ്രതിനിധികളായി എത്തിച്ചേരുന്നവരുടെ റജിസ്‌ട്രേഷൻ ആരംഭിക്കും. അഞ്ചുമണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങൾ ദേവാലയത്തിൽ ഒരുമിച്ചുകൂടും.

തുടർന്ന് അസംബ്ലിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ നൽകും. മുൻ അസംബ്ലിയുടെ റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിക്കും. ഏഴുമണിക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തും. അത്താഴത്തിനും നിശാപ്രാർത്ഥനകൾക്കും ശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി എത്തിച്ചേർന്നിരിക്കുന്ന പ്രതിനിധികൾ പരസ്‌പരം പരിചയപ്പെടും. രാത്രി പത്തുമണിക്ക് അസംബ്ലിയുടെ ആദ്യദിവസത്തെ പരിപാടികൾ അവസാനിക്കും.

പ്രാതിനിധ്യ സ്വഭാവത്തോടെ അല്മായരും സമർപ്പിതരും വൈദികരും പങ്കെടുക്കുന്ന ഈ സഭായോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിനിടയിലാണ് പിതാക്കന്മാർ എത്തിച്ചേരുന്നത് എന്നത് അസംബ്ലിയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നതാണ്. സീറോമലബാർസഭയുടെ അടുത്ത അഞ്ചുവർഷങ്ങളിലേക്കുള്ള കർമ്മപദ്ധതി തയ്യാറാക്കാനുള്ള പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങളാണിവ. രണ്ടാംദിനമായ 23നു രാവിലെ ഒമ്പതുമണിക്ക് അസംബ്ലിയുടെ ഔദ്യോഗികമായ ഉദ്ഘാടനസമ്മേളനം നടക്കും.

മേജർ ആർച്ചുബിഷപ്പിന്റെ അധ്യക്ഷതയിൽ ഇന്ത്യയുടെ അപ്പസ്തോലിക്ക് നുൺസിയോ ആർച്ചുബിഷപ്പ് ലിയോപോൾഡോ ജിറേലി ഉദ്ഘാടനം നിർവ്വഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് പ്രവർത്തനരേഖയിലെ വിവിധ വിഷയങ്ങളിന്മേൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ തലവൻ ബസേലിയോസ് മാർത്തോമാ തൃദീയൻ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും. ഓഗസ്റ്റ് 25 ഞായറാഴ്ച മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി സമാപിക്കും.


Related Articles »