Daily Saints - February 2019

February 11: ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ

സ്വന്തം ലേഖകന്‍ 11-02-2019 - Monday

1858 ല്‍ ബെര്‍ണാഡെറ്റേക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച് ഒരു യുവതി. കരങ്ങളില്‍ ജപമാലയും പാദങ്ങളില്‍ മഞ്ഞ പനിനീര്‍ പുഷ്പങ്ങളും. ജപമാല ചൊല്ലാന്‍ സ്ത്രീ ബെര്‍ണാഡെറ്റിനോട് ആവശ്യപ്പെട്ടു.

ജപമാല ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ മറഞ്ഞു കഴിഞ്ഞിരുന്നു. അവിടെ നിന്നും മടങ്ങിയിട്ടും ബെര്‍ണാഡെറ്റിനെ ഗ്രോട്ടോയുടെ ഓര്‍മ്മ മാടിവിളിച്ചു കൊണ്ടിരുന്നു. അടുത്ത ഞായറാഴ്ച അവള്‍ വീണ്ടും അവിടെ പോയി. ശിശു സഹജമായ നിഷ്കളങ്കതയോട് കൂടി, സാത്താന്റെ കുടില തന്ത്രമാണോ എന്ന ഭയത്താല്‍ ബെര്‍ണാഡെറ്റെ താന്‍ കണ്ട ദര്‍ശനത്തിലേക്ക്‌ വിശുദ്ധ വെള്ളം തളിച്ചു. എന്നാല്‍ ആ സ്ത്രീ വളരെ പ്രസന്നപൂര്‍വ്വം പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ വദനം കൂടുതല്‍ മനോഹരമായി. ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അവിടെ വരണമെന്ന് ആ രൂപം ആവശ്യപ്പെട്ടു.

മാര്‍ച്ച് 25-ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തിൽ അവൾ തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "ഞാൻ അമലോത്ഭവയാണ്". അങ്ങനെ 1854 ഡിസംബർ 8-ന് ഒൻപതാം പീയൂസ് മാർപാപ്പ ചെയ്ത പ്രഖ്യാപനം ദൈവമാതാവ് അംഗീകരിച്ചു. 1858-ലെ തന്‍റെ ആദ്യ പ്രത്യക്ഷപ്പെടലില്‍ തന്നെ കരങ്ങളില്‍ തൂങ്ങികിടന്നിരുന്ന ജപമാല മാതാവ് ബെര്‍ണാഡെറ്റെയുടെ കൈകളിലേക്കിട്ടു കൊടുത്തു, ഇത് പിന്നീടുള്ള പ്രത്യക്ഷപ്പെടലുകളിലും തുടര്‍ന്നു. തന്റെ മൂന്നാമത്തെ പ്രത്യക്ഷപ്പെടലില്‍ മാതാവ്‌ ബെര്‍ണാഡെറ്റെയെ തന്റെ ഗുഹയിലേക്ക് രണ്ടാഴ്ചകാലത്തോളം ക്ഷണിക്കുകയുണ്ടായി. അങ്ങനെ അവള്‍ പരിശുദ്ധ അമ്മയോട് നിരന്തരം സംഭാഷണത്തിലേര്‍പ്പെടാന്‍ തുടങ്ങി.

സഭാ അധികാരികളോട് ആ സ്ഥലത്ത്‌ ഒരു ദേവാലയം പണിയുവാനും, പ്രദക്ഷിണങ്ങള്‍ സംഘടിപ്പിക്കുവാന്‍ പറയുവാനും ഒരവസരത്തില്‍ മാതാവ്‌ അവളോട് ആവശ്യപ്പെട്ടു. കൂടാതെ അവിടെയുണ്ടായിരുന്നതും മണ്ണിനടിയില്‍ എവിടെയോ മറഞ്ഞ് കിടക്കുന്നതുമായ ഉറവയിലെ ജലം കുടിക്കുവാനും, ആ ജലത്താല്‍ സ്വയം കഴുകി ശുദ്ധി വരുത്തുവാനും ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് ശേഷം ആ ഗുഹയില്‍ വെച്ചുണ്ടായ രോഗശാന്തികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു തുടങ്ങിയിരിന്നു, കൂടുതല്‍ പ്രചരിക്കുന്തോറും കൂടുതല്‍ ജനങ്ങള്‍ ആ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ കടന്നു വരാന്‍ തുടങ്ങി. ഈ അത്ഭുത സംഭവങ്ങളുടെ അഭൂതപൂര്‍വ്വമായ പ്രസിദ്ധിയും, ആ ബാലികയുടെ നിഷ്കളങ്കതയും, കണക്കിലെടുത്ത് ടാര്‍ബ്സിലെ മെത്രാനെ ഈ സംഭവങ്ങളെപ്പറ്റിയുള്ള ഒരു നീതിയുക്തമായ അന്വേഷണത്തിനു ഉത്തരവിടുവാന്‍ പ്രേരിപ്പിച്ചു.

നാല് വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം ഈ പ്രത്യക്ഷപ്പെടലുകള്‍ അതിമാനുഷികമാണെന്ന് പ്രഖ്യാപിക്കുകയും, മാതാവിന്റെ ജന്മപാപരഹിതമായ ഗര്‍ഭധാരണത്തെ ആ ഗുഹയില്‍ (Grotto) പരസ്യമായി വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അനുവാദം കൊടുക്കുകയും ചെയ്തു. ഇതിനിടെ ലൂര്‍ദ്ദിലെ മാതാവിന്റെ മാധ്യസ്ഥതയില്‍ നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ മൂലം കന്യകാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് (Apparition of the Immaculate Virgin Mary)’ ഓര്‍മ്മതിരുനാള്‍ സ്ഥാപിക്കുവാന്‍ തിരുസഭയെ പ്രേരിപ്പിച്ചു. അധികം താമസിയാതെ അവിടെ ഒരു ചെറിയ ദേവാലയം ഉയര്‍ന്നു. അന്ന് മുതല്‍ ആയിരകണക്കിന് തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവാനും, പലവിധ നിയോഗങ്ങള്‍ക്കുമായി അവിടം സന്ദര്‍ശിക്കുവാന്‍ തുടങ്ങി.

ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന എല്ലാ വ്യക്തികളും പരിശുദ്ധ കന്യകാ മാതാവ്‌ പ്രത്യക്ഷപ്പെട്ട ഈ ഗുഹയില്‍ സന്ദര്‍ശിക്കുന്നു. ഒരമ്മയുടെ മടിത്തട്ടിലേക്കെന്നപോലെ സ്വാഗതമോതുന്ന ഈ മനോഹരമായ സ്ഥലത്ത് ഒരു ജ്ഞാനസ്നാന തൊട്ടിയിലെന്നപോലെ നമുക്ക്‌ നമ്മെ തന്നെ നിമജ്ജനം ചെയ്യുകയും, ദൈവത്തെ നമ്മുടെ പിതാവായും, മാതാവിനെ നമ്മുടെ അമ്മയുമായി സ്വീകരിച്ചുകൊണ്ട് ക്രിസ്തീയതയുടെ മനോഹാരിതയെ വീണ്ടും കണ്ടെത്തുവാനും സാധിക്കും.

തിരുസഭ ഏറെ പ്രാധാന്യം നല്‍കുന്ന മഹത്വമേറിയ സ്ഥലങ്ങളിലൊന്നാണ് ലൂര്‍ദ്ദ്. വിശുദ്ധിയുടെ ഒരു വിശാലമായ സമതലമാണ് അവിടം. അവിടെ നമുക്ക്‌ നമ്മുടെ പാപമാകുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി വിശുദ്ധിയുടെ തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച് വീണ്ടും ആത്മാവില്‍ ജനിക്കുവാന്‍ സാധിക്കും.

മറ്റാരേക്കാളും കൂടുതലായി മകന്റെ ആഗ്രഹം അറിയാവുന്നത് അമ്മക്കാണെന്നുള്ള സത്യം ആര്‍ക്ക് നിഷേധിക്കുവാന്‍ സാധിക്കും. അവളിലേക്ക്‌ തിരിയുന്നത് വഴി നമ്മെ കുറിച്ചുള്ള ദൈവത്തിന്റെ നിഗൂഡ പദ്ധതിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും നമുക്ക്‌ സാധിക്കുന്നു. ദൈവം നമ്മോടു പറയുന്നത് പരിശുദ്ധ മാതാവിനേക്കാള്‍ കൂടുതലായി നമുക്ക്‌ മനസ്സിലാക്കി തരുവാന്‍ മറ്റാര്‍ക്കും സാധ്യമല്ലയെന്നാണ്.

മകന്റെ നിഗൂഡതയില്‍ വശീകരിക്കപ്പെടുകയും, കന്യകാ മാതാവിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും ചെയ്ത കാനായിലെ പരിചാരകരെപോലെ, ലൂര്‍ദ്ദിലെ അമ്മയുടെ സന്നിധിയില്‍ നമുക്കും നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം. അപ്പോള്‍ നമുക്ക്‌ ദൈവകുമാരന്റെ ആഗ്രഹം മനസ്സിലാവുകയും സന്തോഷത്തിലേക്കുള്ള നമ്മുടെ മാര്‍ഗ്ഗം കണ്ടെത്തുവാന്‍ സാധിക്കുകയും ചെയ്യും.

ബെര്‍ണാഡെറ്റെ തൂവെള്ള വസ്ത്രത്തിലാണ് മാതാവിനെ ദര്‍ശിച്ചത്, എന്നാല്‍ നാം നമ്മുടെ യാത്രയിലുടനീളം മാതാവിന്റെ നിറസാന്നിധ്യമുണ്ടെന്നുള്ള ബോധ്യത്തോടുകൂടി നമ്മുടെ കണ്ണുകള്‍ക്ക്‌ പകരം നമ്മുടെ ഹൃദയങ്ങള്‍ കൊണ്ടാണ് മാതാവിനെ ദര്‍ശിക്കേണ്ടത്.

മാതാവിന്റെ ഈ പ്രത്യക്ഷപ്പെടല്‍ അനേകര്‍ക്ക് പരിവര്‍ത്തനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാനും, മാനസാന്തരത്തിന്‍റെ പുതിയ പാത തുറക്കാനും തുണയായിട്ടുണ്ട്. ഇവരുടെ പരിവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പുരോഗതിക്കും സഹായകമായിട്ടുണ്ട്, എന്തുകൊണ്ടെന്നാല്‍, ഒരു ഹൃദയത്തിന്റെ പരിവര്‍ത്തനത്തില്‍ നിന്നു പോലും ലോകത്തിനു നേട്ടം ഉണ്ടാകുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

ലൂര്‍ദ്ദിലെ തീര്‍ത്ഥാടകരായ നമ്മെ സംബന്ധിച്ചിടത്തോളം മാതാവിന്റെ ആഗോള മാതൃത്വം വീണ്ടും മനസ്സിലാക്കാനുള്ള അവസരമാണ്. തന്‍മൂലം അവളുടെ സഹായം നമ്മുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരിക്കും. അവിടുത്തെ പ്രധാന ശുശ്രൂഷകളായ ജലത്തില്‍ സ്നാനം ചെയ്യുമ്പോഴും, സായാഹ്നത്തില്‍ ദീപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുക്കുമ്പോഴും ഉച്ചകഴിഞ്ഞുള്ള രോഗികളായ ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന ധന്യമായ ദിവ്യബലി പങ്കെടുക്കുമ്പോഴും പരിശുദ്ധ അമ്മയെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ നമ്മുക്ക് കഴിയും.

മാതാവിന്റെ സാന്നിധ്യം നമ്മുടെ ആത്മാവിനുള്ളിലെ വലിയ ഒരു രഹസ്യമാണ്. മാതാവിനൊപ്പം, അവളുടെ മകനെ ആദരിക്കുവാന്‍ പഠിപ്പിക്കുന്ന ഒരു രഹസ്യം, വിശുദ്ധ ബലിയര്‍പ്പണത്തിലും, അനുരജ്ഞനത്തിന്റെ കൂദാശയുടെ വേളയിലും നമ്മുക്ക് കാണാന്‍ സാധിക്കും. ലൂര്‍ദ്ദിലെ മാതാവിന്റെ സാന്നിധ്യത്തിനു ആദ്യം സാക്ഷ്യം വഹിച്ചത്‌ കുഞ്ഞു ബെര്‍ണാഡെറ്റെ ആയിരുന്നു, അവള്‍ മാതാവിന്റെ നിര്‍ഭയയായ സന്ദേശവാഹകയായി മാറി.

ബെര്‍ണാഡെറ്റെയേ അടക്കം ചെയ്തിരിക്കുന്നത് ഫ്രാന്‍സിന്റെ വടക്കെ അറ്റത്തുള്ള നെവേഴ്സിലാണെങ്കിലും, നമുക്ക്‌ വിശുദ്ധയെ ലൂര്‍ദ്ദില്‍ എല്ലായിടത്തും കാണുവാന്‍ സാധിക്കും. അവളുടെ മൃതശരീരം, ഇന്നും അഴുകാതെയാണിരിക്കുന്നത്. അവളെ സ്മരിക്കുന്നതും, മാതാവിനോടുള്ള അവളുടെ സംഭാഷണം വായിക്കുന്നതും വളരെ മാധുര്യമേറിയതാണ്: 1886 ല്‍ അവള്‍ പരിശുദ്ധ അമ്മക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നതിപ്രകാരമാണ്, “അല്ലയോ മാതാവേ, നീ തന്നെ തന്നെ താഴ്ത്തികൊണ്ട്, ഭൂമിയില്‍ വരികയും നിസ്സഹായയും പാവപ്പെട്ടവളുമായ ഈ പെണ്‍കുട്ടിക്ക്‌ പ്രത്യക്ഷപ്പെടുകയും ചെയ്തു, ഭൂമിയിലേയും, സ്വര്‍ഗ്ഗത്തിലേയും രാജ്ഞിയായ നീ, എന്നെ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും എളിയ ഉപകരണമാക്കിമാറ്റുവാന്‍ പ്രസാദിക്കണമേ”.

2008 ല്‍ "നോമ്പുകാലത്തിന്റെ ആരംഭവും, ലൂര്‍ദ്ദില്‍ മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷപ്പെടലിന്റെ 150-മത്തെ വാര്‍ഷികവും ഒരേസമയത്ത് തന്നെ വന്നത് ഒരു ദൈവാധീനമാണ്” എന്നകാര്യം പരിശുദ്ധ പിതാവായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അന്ന് ഓര്‍മ്മിപ്പിച്ചിരിന്നു. പരിശുദ്ധ മാതാവ്‌ ഇപ്പോഴും ലൂര്‍ദ്ദില്‍ വാഗ്ദാനം ചെയ്യുന്ന സന്ദേശത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, 'മനപരിവര്‍ത്തനത്തിനു വിധേയരാകുകയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍, പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ചെയ്യുവിന്‍'.

നമുക്ക്‌ ക്രിസ്തുവിന്റെ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്ന മാതാവിന്റെ വാക്കുകളെ ശ്രവിക്കുകയും, വിശ്വാസത്തോടുകൂടി നോമ്പ് കാലത്തിലേക്ക് പ്രവേശിക്കുവാനും, ഈ നോമ്പ് കാലത്തിന്‍റെ പ്രതിബദ്ധത മനസ്സിലാക്കി കൊണ്ട് ജീവിക്കാന്‍ പരിശുദ്ധ അമ്മയോട് അപേക്ഷിക്കുകയും ചെയ്യാം. (Benedict XVI, Angelus 10 February 2008). (Agenzia Fides 13/2/2008; righe 47, parole 662).

ഇതിനിടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഫെബ്രുവരി 11 നു ലോകം മുഴുവനുമുള്ള 'രോഗികളുടെ ദിന'മായി പ്രഖ്യാപിച്ചിരിന്നു. ആയതിനാല്‍ ഈ ദിവസം വിശുദ്ധ കുര്‍ബ്ബാനക്കിടയില്‍ രോഗികളെ അഭിഷേകം ചെയ്യുന്ന കര്‍മ്മം നടത്തുന്നത് ഉചിതമായിരിക്കും.

ഇതര വിശുദ്ധര്‍

1. ജര്‍മ്മനിയിലെ അഡോള്‍ഫസ് ബെനാസിസ്റ്റ്

2. ജര്‍മ്മനിയില്‍ അനിയാനയിലെ ബെനഡിക്ട്

3. ഇംഗ്ലണ്ടിലെ ചേഡ്മണ്‍

4. റവെന്നാ ബിഷപ്പായ കലോച്ചെരുസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »