News - 2025
ആരാധന ചാപ്പല്‍ തകര്‍ത്ത് തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു; ബാംഗ്ലൂര്‍ അതിരൂപതയില്‍ ഇന്ന് പ്രായശ്ചിത്ത പരിഹാരദിനം
പ്രവാചകശബ്ദം 28-02-2025 - Friday
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഉത്തരഹള്ളിയിലുള്ള സെൻ്റ് ആൻ്റണീസ് ദേവാലയത്തില്‍ നിന്നു തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്‌ച രാത്രിയാണ് അജ്ഞാതരായ അക്രമികള്‍ ആരാധന ചാപ്പലിനുള്ളില്‍ അതിക്രമിച്ച് കയറി തിരുവോസ്തി സൂക്ഷിച്ചിരിന്ന അരുളിക്ക മോഷ്ടിച്ചുക്കൊണ്ടുപോയത്. പോലീസിൽ പരാതി നൽകിയിട്ടും സക്രാരിയോ തിരുവോസ്തിയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നും വിശുദ്ധ കുർബാന അശുദ്ധമാക്കിയതായി ആശങ്കയുണ്ടെന്നും ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ ഇന്ന് വെള്ളിയാഴ്ച ബാംഗ്ലൂര്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും പ്രായശ്ചിത്ത പരിഹാരദിനമായി ആചരിക്കുവാന്‍ ആർച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. ഇടവകകളിലും സ്ഥാപനങ്ങളിലും മുന്‍കൂട്ടി നിശ്ചയിച്ച ആരാധനക്രമ ആചരണങ്ങള്‍ തുടരാമെങ്കിലും, ബാംഗ്ലൂർ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും വിശ്വാസികൾക്കു അനുയോജ്യമായ സമയത്ത് ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശിച്ചു. വിശുദ്ധ കുർബാനയ്‌ക്കെതിരായ ഈ കഠിനമായ അപരാധത്തിന് പരിഹാരം ചെയ്ത് ദൈവത്തിൻ്റെ കരുണ തേടി, പ്രാർത്ഥനയിൽ തീക്ഷ്ണമായി ഒന്നിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
