India - 2024

മാര്‍ട്ടിന്‍ അച്ചന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്

സ്വന്തം ലേഖകന്‍ 23-06-2018 - Saturday

മങ്കൊമ്പ്: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ മരിച്ച മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി‌എം‌ഐയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി അനുസ്മരണ ചടങ്ങുകള്‍ നടക്കും. ഫാ. മാര്‍ട്ടിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുര്‍ബാനയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. സിഎംഐ സഭ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറയും 15ഓളം വൈദികരും സഹകാര്‍മികരാകും.

നാളെ മാതൃ ഇടവകയായ പുളിങ്കുന്ന് ഫൊറോന പള്ളിയില്‍ സമൂഹബലിയും അനുസ്മരണ സമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു പുളിങ്കുന്ന് സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന സമൂഹബലിക്കു ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് മൂന്നിന് ഫൊറോന പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. അനൂപ് ജേക്കബ് എംഎല്‍എ സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനവും ഫാ. മാര്‍ട്ടിന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം തോമസ് ചാണ്ടി എംഎല്‍എയും നിര്‍വഹിക്കും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ കാണാനില്ലെന്ന് രാത്രിയാണു ബന്ധുക്കള്‍ക്കു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പിറ്റേന്നു പുലര്‍ച്ചെ വൈദികനെ താമസസ്ഥലത്തുനിന്നു ഏതാനും കിലോമീറ്റര്‍ അകലെയുള്ള കടല്‍ക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്‌കോട്ലന്‍ഡിലേക്കു പോയത്.

തുടര്‍ന്ന് എഡിന്‍ബറോ രൂപതയിലെ ക്രിസ്‌റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികെയാണ് അപ്രതീക്ഷിത മരണം. വൈദികന്റെ മരണത്തിനു ശേഷം ഒരു വര്‍ഷം പിന്നിടുന്‌പോഴും മരണത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ തുടരുകയാണ്. അന്വേഷണ പുരോഗതി സംഭവിച്ച് സ്‌കോട്ലന്‍ഡ് പോലീസില്‍നിന്നു ബന്ധുക്കള്‍ക്കോ സിഎംഐ സഭയ്‌ക്കോ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.


Related Articles »