News - 2025
പോള്‍ ആറാമന്‍ പാപ്പയുടെ 'മനുഷ്യജീവന്‍' ചാക്രിക ലേഖനത്തിന് 50 വയസ്
സ്വന്തം ലേഖകന്‍ 26-07-2018 - Thursday
വത്തിക്കാന്‍ സിറ്റി: മനുഷ്യസ്നേഹം, ലൈംഗീകത, ജീവന്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ ചിന്തകളുമായി വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പുറത്തിറക്കിയ 'Humanae Vitae' അഥവാ 'മനുഷ്യജീവന്‍' ചാക്രിക ലേഖനത്തിന് 50 വയസ്. 1968 ജൂലൈ 25നാണ് പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പ പ്രബോധനം പുറത്തിറക്കിയത്. ആധുനിക കാലഘട്ടത്തില്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഇറങ്ങിയതോടെ ജീവനോടുള്ള സഭയുടെ നിലപാടും ആദരവും ശക്തമായി പ്രഖ്യാപിച്ച പ്രമാണരേഖയാണിത്. ദമ്പതികളുടെ കൂട്ടായ്മയ്ക്കും, തലമുറകളുടെ കുടുംബഭദ്രതയ്ക്കും, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പാപ്പ തന്റെ ചാക്രിക ലേഖനം സമര്‍പ്പിച്ചത്.
ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെ ചാക്രിക ലേഖനത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ച പോള്‍ ആറാമന്‍ പാപ്പ സമ്പന്ന രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാനും സമ്പത്ത്, സമ്പന്നരുടെ കൈകളില്‍ ഒതുക്കിപ്പിടിക്കാനുമുള്ള നീക്കമായിരുന്നുവെന്ന്‍ രേഖപ്പെടുത്തിയിരിന്നു. ചാക്രിക ലേഖനം പുറത്തുവന്നപ്പോള്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അര നൂറ്റാണ്ടിന് ശേഷം ഏറെ പ്രാധാന്യത്തോടെയാണ് സഭ ചാക്രിക ലേഖനത്തെ സ്മരിക്കുന്നത്. അടുത്തിടെ ചാക്രിക ലേഖനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടണില്‍ അഞ്ഞൂറോളം പുരോഹിതര്‍ ഒപ്പുവച്ച് പ്രസ്താവനയിറക്കിയിരിന്നു.
