News

വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയെ പ്രത്യേകം സ്മരിച്ച് ഉഗാണ്ട പാര്‍ലമെന്‍റ്

സ്വന്തം ലേഖകന്‍ 26-07-2019 - Friday

കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുവാന്‍ വിശുദ്ധ പോള്‍ ആറാമന്‍ നല്‍കിയ സംഭാവനകളെ സ്മരിച്ചുകൊണ്ടുള്ള പ്രമേയത്തിന് അംഗീകാരം നല്‍കികൊണ്ട് പാര്‍ലമെന്റ് നേതൃത്വം. ആഫ്രിക്ക സന്ദര്‍ശിച്ച ആദ്യ പാപ്പയായ വിശുദ്ധ പോള്‍ ആറാമനെ ആദരിക്കണമെന്ന്‍ ആവശ്യപ്പെട്ടു അമുരു ജില്ലയില്‍ നിന്നുള്ള വനിതാ അംഗമായ ലൂസി അകെല്ലോയാണ് ഈ പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വടക്കന്‍ റുഹിണ്ടയിലെ പാര്‍ലമെന്റംഗമായ തോമസ്‌ തയേബ്വാ ഇതിനെ പിന്താങ്ങി. പോള്‍ ആറാമന്‍ പാപ്പയുടെ 1969-ലെ ഉഗാണ്ടന്‍ സന്ദര്‍ശനവും, 22 ഉഗാണ്ടന്‍ കത്തോലിക്ക രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ച നടപടിയും ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസം പ്രചരിക്കുന്നതിനും ജൂണ്‍ 3 ഉഗാണ്ടന്‍ രക്തസാക്ഷികളുടെ ദിനമായി പ്രഖ്യാപിക്കുന്നതിനും കാരണമായെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് അകെല്ലോ പറഞ്ഞു.

പോള്‍ ആറാമനേയും അന്നത്തെ കംപാലയിലെ മെത്രാപ്പോലീത്തയായിരുന്ന ജോസഫ് കിവാനുകായേയും ആദരിക്കുക എന്നത് പാര്‍ലമെന്റിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണെന്നും അകെല്ലോ കൂട്ടിച്ചേര്‍ത്തു. പോള്‍ ആറാമന്റെ സന്ദര്‍ശനം രാജ്യത്തിന്റെ ആത്മീയാഭിവൃദ്ധിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നായിരിന്നു പ്രമേയത്തെ പിന്താങ്ങിയ തയേബ്വായുടെ പ്രതികരണം. പാര്‍ലമെന്റിലെ പ്രമേയാവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി കത്തോലിക്ക മെത്രാന്‍മാരും എത്തിയിരിന്നു. രാജ്യത്ത് വിശ്വാസം പരിചയപ്പെടുത്തിയ പ്രേഷിത പ്രവര്‍ത്തകരെ താനും ആദരിക്കുന്നുവെന്നും അവര്‍ ഇല്ലാതിരുന്നെങ്കില്‍ ഉഗാണ്ട ഇതുപോലെ ആയി തീരുമോ എന്ന കാര്യം സംശയമാണെന്നും അവര്‍ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതിനാലാണ് ഇപ്പോള്‍ സമാധാനത്തില്‍ കഴിയുന്നതെന്നും പ്രഥമ ഡെപ്യൂട്ടി പ്രധാനമന്ത്രി ജെന. മോസസ് അലി പറഞ്ഞു.

യാതൊരു തടസ്സങ്ങളുമില്ലാതെ രാജ്യത്ത് ദൈവവിശ്വാസം പ്രചരിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഉഗാണ്ടയില്‍ നല്ല മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ കുട്ടികളെ എങ്ങനെ വിശ്വാസത്തില്‍ വളര്‍ത്താം എന്നതിനെക്കുറിച്ച് പാര്‍ലമെന്റംഗങ്ങള്‍ ആലോചിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ശ്രീമതി ബെറ്റി അഓള്‍ ഒച്ചക്ക് നിര്‍ദ്ദേശിക്കുവാനുണ്ടായിരുന്നത്. എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് ആഫ്രിക്ക ആന്‍ഡ്‌ മഡഗാസ്കറിന്റെ (SECAM) ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് നാനൂറിലധികം കത്തോലിക്ക മെത്രാന്‍മാര്‍ ഇപ്പോള്‍ ഉഗാണ്ടയില്‍ ഉണ്ട്. ഈ അവസരത്തിലാണ് പാര്‍ലമെന്റിലെ നടപടിയെന്നതും ശ്രദ്ധേയമാണ്.


Related Articles »