News - 2025

മനുഷ്യ ജീവന്‍ സമ്മാനം, വധശിക്ഷക്കെതിരെ വീണ്ടും സ്വരമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 28-02-2019 - Thursday

വത്തിക്കാന്‍ സിറ്റി: വധശിക്ഷക്കെതിരായ തന്റെ നിലപാട് വീണ്ടും പരസ്യമായി തുറന്ന്‍ പറഞ്ഞു ഫ്രാന്‍സിസ് പാപ്പ. മനുഷ്യ ജീവന്‍ എല്ലാ അവകാശങ്ങളുടെയും ഉറവിടവും ഏറ്റവും പരമ പ്രധാനവുമായ സമ്മാനവുമാണെന്നും ജീവിക്കുവാനുള്ള ഓരോ വ്യക്തികളുടെയും അവകാശത്തിന്റെ കടുത്ത ലംഘനമാണ് മരണശിക്ഷയെന്നും പാപ്പ പറഞ്ഞു. ഫെബ്രുവരി 27ന് വധശിക്ഷക്കെതിരായി ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍വെച്ച് നടന്ന ഏഴാമത് അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലഘു വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ പരാമര്‍ശം.

വ്യക്തികളുടെയും, സമൂഹത്തിന്റേയും പൊതു നന്മക്കും സുരക്ഷക്കും ഭീഷണിയായിട്ടുള്ള ഇത്തരം അപരാധങ്ങള്‍ ചില സമൂഹങ്ങളില്‍ കണ്ടുവരുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെങ്കില്‍ തടവ് ശിക്ഷപോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും, മാനസാന്തരത്തിനുള്ള അവസരം പോലും വധശിക്ഷയിലൂടെ ഇല്ലാതാകുവാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ മരണശിക്ഷയെ തങ്ങളുടെ ശിക്ഷാ സംവിധാനങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ്. ദൈവത്തിന്റെ ഛായയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ജീവന്‍ ഒരുപോലെ പ്രധാനമാണ്. ജീവന്റെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.

തിരുസഭ എപ്പോഴും ജീവനുവേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും, വധശിക്ഷയെ സംബന്ധിച്ച സഭയുടെ കാഴ്ചപ്പാട് പക്വമാണെന്നും, കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ വിശ്വാസ തിരുസംഘം വധശിക്ഷയെ സംബന്ധിച്ച പുതിയ പ്രബോധനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ഞാനും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ പങ്ക് ചേരുന്നു. ഓരോ മനുഷ്യന്റേയും ജീവിതാന്തസ്സ് അംഗീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്, അതിനാല്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടുത്താതെ സമൂഹ നന്മക്കായി ഉപയോഗിക്കാം" എന്ന ആശംസയോടെയാണ് ഫ്രാന്‍സിസ് പാപ്പായുടെ വീഡിയോ സന്ദേശം അവസാനിക്കുന്നത്.


Related Articles »