India - 2024
സ്തോത്രക്കാഴ്ച ശ്രീലങ്ക സഭക്ക്: മെയ് 5നു പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനും ചങ്ങനാശേരി അതിരൂപത
സ്വന്തം ലേഖകന്‍ 25-04-2019 - Thursday
ചങ്ങനാശ്ശേരി: മെയ് അഞ്ചാം തീയതി ശ്രീലങ്കയിലെ സഭക്കു വേണ്ടി പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനും എല്ലാ ഇടവകകളിലെയും സ്‌തോത്ര കാഴ്ച ശ്രീലങ്കയിലെ സഭയ്ക്കു നല്‍കുവാനും ചങ്ങനാശേരി അതിരൂപതയുടെ തീരുമാനം. കൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യുവാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രാര്‍ത്ഥനയില്‍ ശക്തി പ്രാപിച്ച് വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്‌സ് വടക്കേക്കളം, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ.ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.