News - 2026
20 വർഷത്തിന് ശേഷം 'പാഷൻ ഓഫ് ദി ക്രൈസ്റ്റ്' വീണ്ടും തിയേറ്ററുകളിലേക്ക്
പ്രവാചകശബ്ദം 10-09-2026 - Thursday
ലൊസാഞ്ചലസ്: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും വിശ്വാസികളെയും ഒരുപോലെ സ്വാധീനിച്ച മെൽ ഗിബ്സണിന്റെ വിഖ്യാത ചിത്രം 'പാഷൻ ഓഫ് ദി ക്രൈസ്റ്റ്' വീണ്ടും തിയേറ്ററുകളിലേക്ക്. റിലീസ് ചെയ്ത് 20 വർഷത്തിലേറെയായ സിനിമ, ലിമിറ്റഡ് റീ-റിലീസായി ഇന്നു സെപ്റ്റംബർ 10 മുതൽ 17 വരെ അമേരിക്കയിലെ പ്രധാന തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. 2004-ൽ റിലീസ് ചെയ്ത ചിത്രം യേശുക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളും പീഡാനുഭവങ്ങളും കുരിശുമരണവുമാണ് ദൃശ്യവൽക്കരിച്ചത്. റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം സിനിമ ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയായി മാറിയിരിന്നു. ഹോളിവുഡ് നടനായ ജിം കാവിയേസൽ യേശുവായി വേഷമിട്ട ഈ ചിത്രം, അതുവരെയുണ്ടായിരുന്ന ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ഡിജിറ്റലായി പുനരുദ്ധരിച്ച 4K റെസല്യൂഷനിലും അത്യാധുനിക ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലുമാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം 'ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്' വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നത് അന്നത്തെ പ്രേക്ഷകർക്കും പുതിയ തലമുറയ്ക്കും ഒരുപോലെ അപൂർവ്വമായ അനുഭവമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ പ്രദർശനത്തോടൊപ്പം, മെൽ ഗിബ്സൺ സംവിധാനം ചെയ്യുന്ന പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ 'ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന സിനിമയുടെ പ്രത്യേക ദൃശ്യങ്ങളും പ്രേക്ഷകർക്ക് ലഭ്യമാക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദ റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരിന്നു. രണ്ടുഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസിനെത്തുകയെന്നു മെൽ ഗിബ്സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ ആദ്യഭാഗം അടുത്തവർഷം മെയ് 6നും, രണ്ടാം ഭാഗം 2028 മെയ് 25നും തിയേറ്ററുകളിൽ എത്തും. രണ്ട് റിലീസ് തീയതികളും യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായി ആചരിക്കുന്ന ദിവസങ്ങളാണെന്നത് ശ്രദ്ധേയമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















