News
ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ ക്രൈസ്തവ കൂട്ടക്കൊല; സുരക്ഷാവീഴ്ചയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ
പ്രവാചകശബ്ദം 01-08-2026 - Saturday
കൊളംബോ: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയില്‍ നൂറുകണക്കിന് ക്രൈസ്തവരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. മുൻ പോലീസ് തലവൻ പുജിത് ജയസുന്ദേര, പ്രതിരോധ മന്ത്രാലയത്തിലെ ഉന്ന ത ഉദ്യോഗസ്ഥനായ ഹേമാസിരി ഫെർണാണ്ടോ എന്നിവർക്കാണ് ഹൈക്കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും ഡ്യൂട്ടിയിൽ ക്രിമിനൽ വീഴ്‌ച വരുത്തിയെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈസ്റ്റർദിന ഭീകരാക്രമണപരമ്പരയ്ക്ക് നേതൃത്വം നൽകിയത് രാജ്യത്തിൻ്റെ മുൻ ഇന്റലിജൻസ് തലവനാണെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രിയായ ആനന്ദ വിജേപാല അടുത്തിടെ പാർലമെന്റിൽ വെളിപ്പെടുത്തിയിരിന്നു.
ക്രൈസ്തവ കൂട്ടക്കൊലയിലെ ഉദ്യോഗസ്ഥ വീഴ്ചയും ഗൂഢാലോചന സ്ഥിരീകരിക്കുന്നതാണ് കോടതി വിധി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിൽ വരുത്തിയ വീഴ്ച മൂലം 268 പേർ മരിക്കുകയും 586 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിലും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള തൻ്റെ കടമ നിർവഹിക്കുന്നതിൽ ജയസുന്ദര ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടുവെന്നും ജസ്റ്റിസുമാരായ പ്രിയന്ത ലിയനഗെയും തിലകരത്ന ബന്ദാരയും വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ ഉള്‍പ്പെടെ 279 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നിരിന്നു.
Editor's Note:
ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് സഭ പ്രഖ്യാപിച്ചിരിന്നു.
YOU MAY LIKE: 'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















