News

ശ്രീലങ്കൻ ജനതയ്ക്കായി ആരാധനയും റാലിയുമായി അരുണാചൽ സമൂഹം

സ്വന്തം ലേഖകന്‍ 30-04-2019 - Tuesday

ന്യൂഡൽഹി: ശ്രീലങ്കൻ ദേവാലയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശും. ദൈവകരുണയുടെ ഞായറാഴ്ച നടന്ന ദിവ്യബലിയിലും സമ്മേളനത്തിലും റാലിയിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.ശ്രീലങ്കൻ ദേവാലയങ്ങളിൽ നടന്ന സ്ഫോടനപരമ്പര അത്യധികം വേദനപ്പിക്കുന്നതാണെന്നും രാജ്യത്തെ കത്തോലിക്ക സഭയ്ക്ക് പ്രാർത്ഥനയിൽ പിന്തുണ നല്‍കുന്നതായും ദിവ്യബലിയിൽ പങ്കെടുത്ത വിശ്വാസികളെ അഭിസംബോധനചെയ്ത് മോൺ.ജോർജ് പള്ളിപ്പറമ്പിൽ പറഞ്ഞു. ശ്രീലങ്കൻ ജനതയിൽ ഉത്ഥിതനായ യേശുവിന്റെ സമാധാനവും പ്രത്യാശയും നിറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നഫ്ഐ മാർക്കറ്റിൽ സമ്മേളനം നടത്തി. സേക്രഡ് ഹാർട്ട്‌ ഗ്രോട്ടോയിൽ നിന്ന് ഗവണ്മെന്റ് അപ്പർ സെക്കന്ററി സ്കൂൾ വരെ നടത്തിയ റാലിയിൽ വിവിധ മതസ്ഥരുൾപ്പെടെ ഇരുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. ശ്രീലങ്കയിലെ വാർത്തകൾ വേദനാജനകമാണെന്നും പ്രത്യാശയുടെ ഉയിർപ്പു തിരുന്നാൾ നമ്മുടെ സഹോദരങ്ങൾക്ക് വേദനയുടെ നിമിഷങ്ങളായി പരിണമിച്ചതിൽ വേദനയുണ്ടെന്നും മിയാവോയിലെ യുവജനനേതാവ് നാന്ഗതിം മൊസാങ് പറഞ്ഞു. അരുണാചലിന്റെ കിഴക്കൻ മേഖലകളായ തേസൂ, പൊങ്‌ചോവ് തുടങ്ങിയ ഇടങ്ങളിലും സമാനരീതിയിൽ റാലികൾ സംഘടിപ്പിച്ചിരിന്നു.


Related Articles »