News - 2025
ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയ ഗ്രാമത്തിൽ വിശുദ്ധ ബലിയർപ്പിച്ച് നൈജീരിയന്‍ മെത്രാൻ
പ്രവാചകശബ്ദം 26-09-2025 - Friday
അബൂജ: ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെനിന്‍ ഗ്രാമത്തിൽ വിശുദ്ധ ബലിയർപ്പിച്ച് മെത്രാൻ. സെപ്റ്റംബർ 10ന് നൈജീരിയയിൽ നിന്നുള്ള ജിഹാദി സംഘം ആക്രമണം നടത്തിയ ബെനിനിലെ എൻ ഡാലിയിലുള്ള കലലേ ഗ്രാമത്തിൽ നേരിട്ടെത്തിയാണ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനി വിശുദ്ധ ബലി അര്‍പ്പിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തത്. ഗ്രാമത്തിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറുപേർ ഇപ്പോഴും അക്രമിസംഘത്തിന്റെ പിടിയിലാണ്.
തങ്ങളുടെ ഗ്രാമത്തിലുണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ കഴിയുന്നതിനിടെ പലരും ഗ്രാമത്തിൽനിന്ന് രക്ഷപെട്ടു പലായനം ചെയ്തു. ഈ സാഹചര്യത്തിലാണ് ഗ്രാമത്തില്‍ എത്തിയതെന്നും ബിഷപ്പ് പറഞ്ഞു. സെപ്റ്റംബർ 21 ഞായറാഴ്ച കലലേ ഗ്രാമത്തിൽ താൻ അർപ്പിച്ച വിശുദ്ധ ബലിയിൽ വളരെക്കുറച്ച് വിശ്വാസികൾ മാത്രമാണ് പങ്കെടുത്തതെന്നും, തന്റെ അജഗണത്തെ ഒരിക്കലും ഉപേക്ഷിക്കാത്തവനാണ് ക്രിസ്തുവെന്ന സന്ദേശം താൻ അവർക്ക് പകർന്നു നല്‍കുവാന്‍ ആഗ്രഹിച്ചാണ് എത്തിയതെന്നും രൂപതാധ്യക്ഷൻ വിശദീകരിച്ചു.
കലലേ ഗ്രാമത്തിൽ സ്പെയിനില്‍ നിന്നുള്ള സമർപ്പിതസമൂഹം നടത്തുന്ന ഒരു സ്‌കൂളുണ്ടെന്നും, നഴ്സറി മുതൽ ഉന്നത ഉയർന്ന ക്ലാസ്സുകൾ വരെയുള്ള വിദ്യാഭ്യാസം തേടി ഇവിടെയെത്തുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ചു ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ആക്രമണത്തിന് ശേഷം ബെനിൻ ഗവൺമെന്റ് പ്രദേശത്ത് ശക്തമായ മിലിട്ടറി സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ജിഹാദി അക്രമികൾ സ്‌കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിലവിൽ സ്‌കൂൾ പുനഃരാരംഭിക്കാൻ ഇവിടുത്തെ സമര്‍പ്പിതര്‍ക്ക് ഭയമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. നൈജീരിയായിലെ മിക്ക ഗ്രാമങ്ങളും ഇന്നു ഭീഷണിയുടെ നിഴലിലാണ്. സകലതും നഷ്ട്ടപ്പെട്ട ജനത്തിനെ ചേര്‍ത്തുപിടിക്കുന്നതും പ്രതീക്ഷ പകരുന്നതും സഭാനേതൃത്വമാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
