News - 2024
ദൈവമാണ് എന്റെ സംരക്ഷകന്‍, ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ട: കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്
സ്വന്തം ലേഖകന്‍ 02-05-2019 - Thursday
കൊളംബോ: ദൈവമാണ് തന്റെ സംരക്ഷകനെന്നും തനിക്കു ഭയമില്ലെന്നും അതിനാല്‍ യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ടെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്. വെടിയുണ്ടയേല്‍ക്കാത്ത ബുള്ളറ്റ് പ്രൂഫ് കാര്‍ സര്‍ക്കാര്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കിയതിന് പിന്നാലേയാണ് കര്‍ദ്ദിനാളിന്റെ പ്രസ്താവന. ശ്രീലങ്കന്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ ഏറ്റവും അധികം സുരക്ഷ ഭീഷണി നേരിടുന്ന വ്യക്തിയാണ് കര്‍ദ്ദിനാള്‍ മാല്‍ക്കം. 'ദൈവമാണ് എന്റെ സംരക്ഷകന്‍. എനിക്കു ഭയമില്ല. ബുള്ളറ്റ് പ്രൂഫ് കാറിന്റെ ആവശ്യവുമില്ല. ജനതയുടെയും രാജ്യത്തിന്റെയും സുരക്ഷയാണ് എനിക്കു പ്രധാനം'. കര്‍ദ്ദിനാള്‍ തുറന്നുപറഞ്ഞു.
സര്‍ക്കാരിന് കാര്‍ തിരികെ നല്‍കിയ കര്‍ദ്ദിനാള്‍ സാധാരണ കാറിലാണു യാത്ര ചെയ്യുന്നത്. ഈസ്റ്റര്‍ സ്ഫോടനത്തില്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ സമാധാന പാതയില്‍ നയിക്കുവാന്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്. സമാധാനത്തിനായി കര്‍ദ്ദിനാള്‍ നടത്തിയ ഇടപെടലിനെ പ്രശംസിച്ചു നിരവധി നേതാക്കള്‍ രംഗത്തെത്തിയിരിന്നു. രാജ്യത്ത് മഹാദുരന്തം ഒഴിവാക്കുന്നതിന് കര്‍ദ്ദിനാളിന്റെ സദുപദേശവും നേതൃത്വവും വളരെ സഹായകമായെന്ന പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെയുടെ പ്രസ്താവന മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് നല്‍കിയത്.