News
ഈസ്റ്റര്‍ ആക്രമണത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റ്
പ്രവാചകശബ്ദം 17-10-2024 - Thursday
കൊളംബോ: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ഞെട്ടിച്ചു ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റ്. 267 പേരുടെ ജീവനെടുത്ത ഇസ്ലാമിക തീവ്രവാദി ആക്രമണത്തില്‍ അനുര കുമാര ദിസനായകെയുടെ കീഴിലുള്ള സർക്കാരാണ് പുതുതായി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ് ഇതെന്നും നീതിക്കായി കൂടുതൽ പ്രതീക്ഷയോടെ ഭാവിയിലേക്ക് നോക്കുകയാണെന്നും മധ്യ ശ്രീലങ്കയിലെ രത്‌നപുര രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റർ ആൻ്റണി വൈമാൻ ക്രോസ് പറഞ്ഞു.
2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ 267 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നു.
സർക്കാർ നീതി ഉറപ്പാക്കുമെന്നും ആക്രമണത്തിൽ ഉൾപ്പെട്ട ആരെയും നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കില്ലെന്നും സർക്കാർ വക്താവും വിദേശകാര്യ മന്ത്രിയുമായ വിജിത ഹെറാത്ത് വീണ്ടും പരസ്യമായി ഉറപ്പുനൽകി. ഈസ്റ്റർ ഞായറാഴ്ച നടന്ന ആക്രമണങ്ങൾ സമഗ്രമായി അന്വേഷിക്കും. "അനീതിക്ക് വഴിയൊരുക്കില്ലെന്ന് ശ്രീലങ്കയിലെ ജനങ്ങൾക്ക് ഞങ്ങൾ ഉറപ്പ് നൽകുന്നു. ഞങ്ങൾ ആരെയും ഒളിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല". ഈ പ്രവൃത്തികൾക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമപരമായ മാർഗങ്ങളിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഹെറാത്ത് പറഞ്ഞു. നിലവിൽ സർക്കാരിൻ്റെ കൈവശമുള്ള എല്ലാ അന്വേഷണ റിപ്പോർട്ടുകളിലും പൂർണതയും കൃത്യതയും ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമിക്കപ്പെട്ട പള്ളികളിലൊന്നായ നെഗൊമ്പോയിലെ സെൻ്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ദേവാലയം അടുത്തിടെ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ സന്ദർശിച്ചപ്പോൾ, അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസ് മന്ദഗതിയിലായതിലുള്ള ദുഃഖം ക്രൈസ്തവര്‍ പ്രകടിപ്പിച്ചു. വിശ്വാസികൾക്ക് നീതി വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. ഇതിനിടെ, 2019 ലെ ആക്രമണത്തിന് ഇരയായവർക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകുന്നതിൽ പരാജയപ്പെട്ടതിന് സ്റ്റേറ്റ് ഇൻ്റലിജൻസ് സർവീസ് (എസ്ഐഎസ്) മുൻ ഡയറക്ടർ നിലന്ത ജയവർധനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ശ്രീലങ്കൻ സുപ്രീം കോടതി കോടതി അലക്ഷ്യ നടപടി ആരംഭിച്ചിരിന്നു.
ഈസ്റ്റർ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരമായി 75 മില്യൺ രൂപ നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഇതുവരെ 10 ദശലക്ഷം രൂപ മാത്രമാണ് നൽകിയത്. 2023 ജനുവരി 12ന്, ഇരകളുടെ കുടുംബങ്ങളുടെ അപ്പീൽ സുപ്രീം കോടതി ശരിവെക്കുകയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് മുൻ പ്രസിഡൻ്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ള നാല് രാഷ്ട്രീയക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കനത്ത പിഴ നൽകാനും സുപ്രീം കോടതി നേരത്തെ വിധിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟