Arts - 2024

മദര്‍ തെരേസയെ കുറിച്ചുള്ള സിനിമ ആയിരത്തോളം തീയറ്ററുകളില്‍; അമേരിക്കന്‍ സന്യാസിനികള്‍ക്ക് സൗജന്യ അവസരമൊരുക്കി

പ്രവാചകശബ്ദം 03-10-2022 - Monday

സാന്‍ ഫ്രാന്‍സിസ്കോ: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ഇതിവൃത്തമാക്കിയ “മദര്‍ തെരേസ നോ ഗ്രേറ്റര്‍ ലവ്” എന്ന ഡോക്യുമെന്ററി സിനിമ കാണുവാന്‍ അമേരിക്കയിലെ മൂപ്പതോളം നഗരങ്ങളിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികള്‍ക്ക് അവസരമൊരുക്കുകയാണ് അമേരിക്കയിലെ പ്രമുഖ കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ്. മിന്നീപോളിസ്, ബാറ്റണ്‍ റോഗ്, സാന്‍ ഫ്രാന്‍സിസ്കോ, ഹൂസ്റ്റണ്‍, ഡെന്‍വര്‍, അറ്റ്‌ലാന്റ എന്നീ നഗരങ്ങളില്‍ നടക്കുന്ന പ്രദര്‍ശനം കാണുവാന്‍ സന്യാസിനികള്‍ക്കും അവരുടെ സേവനത്തില്‍ കഴിയുന്നവര്‍ക്കും ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്ന വിശുദ്ധരില്‍ ഒരാളായ മദര്‍ തെരേസയെ' കുറിച്ചുള്ള ഈ സിനിമ ലോകം ഏറെ നാളായി കാത്തിരുന്നതാണ്.

വിശുദ്ധ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ പല കന്യാസ്ത്രീകള്‍ക്കും വിശുദ്ധയെ നേരിട്ട് കാണുവാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും, അതിനാല്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്ഥാപകയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ അവസരം നല്‍കുന്ന ഒരു സവിശേഷ സമ്മാനമാണിതെന്നും സംഘടനയുടെ സുപ്രീം ക്നൈറ്റ് പാട്രിക് കെല്ലി പറഞ്ഞു. ദാരിദ്ര്യത്തിന്റെ പ്രതിജ്ഞയെടുത്തിരിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ക്ക് ഈ സിനിമ കാണുവാനുള്ള സാങ്കേതിക വിദ്യയോ, തിയറ്ററില്‍ പോകുവാനുള്ള പണമോ ലഭ്യമല്ലെന്നും, തങ്ങള്‍ ക്ഷണിച്ചപ്പോള്‍ തങ്ങളുടെ സേവനത്തില്‍ കഴിയുന്നവര്‍ക്കും, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും, ഭവനരഹിതർക്കും ഈ സിനിമ കാണുവാന്‍ അവസരമൊരുക്കണമെന്നും, അല്ലാത്തപക്ഷം ഈ സിനിമ കാണുവാന്‍ കഴിയില്ലെന്നുമാണ് അവര്‍ മറുപടി നല്‍കിയതെന്നും കെല്ലി വിവരിച്ചു.

‘ഞങ്ങളുടെ ആളുകള്‍ക്ക് അവസരമൊരുക്കിയില്ലെങ്കില്‍ ഞങ്ങളും വരില്ല’ എന്നാണ് ഒരു സിസ്റ്റര്‍ പറഞ്ഞതെന്നും, ‘ഞങ്ങളുടെ ആളുകള്‍’ എന്നത് വിശുദ്ധ മദര്‍ തെരേസയുടെ ഒരു പദപ്രയോഗമാണെന്നും കെല്ലി ചൂണ്ടിക്കാട്ടി. ഫാതോം ഇവന്റ്സ് വിതരണം ചെയ്യുന്ന ഈ സിനിമ ഇന്നും നാളെയും (ഒക്ടോബര്‍ 3, 4) തിയതികളിലായി അമേരിക്കയിലെ ആയിരത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. www.motherteresamovie.com എന്ന വെബ്സൈറ്റിലൂടെ സിനിമയുടെ ട്രെയ്ലര്‍ കാണുവാനും, ടിക്കറ്റെടുക്കുവാനും സൗകര്യമുണ്ട്. വിശുദ്ധ മദര്‍ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബ്രിയാന്‍ കോളോഡിജ്ചുക്ക്, കര്‍ദ്ദിനാള്‍ കോളേജിലെ ഡീനായ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ, പേപ്പല്‍ ബസലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ജെയിംസ് മൈക്കേല്‍ ഹാര്‍വെ, വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ ജോ ഡോണെല്ലി തുടങ്ങിയ പ്രമുഖര്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച പ്രത്യേക ഷോയില്‍ സിനിമ കണ്ടിരിന്നു.


Related Articles »