News - 2025
ഇസ്ലാമിക തീവ്രവാദം തടയാന്‍ ശക്തമായ നടപടികളുമായി ശ്രീലങ്ക
സ്വന്തം ലേഖകന്‍ 11-05-2019 - Saturday
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ളാമിക തീവ്രവാദം തടയാന്‍ ശക്തമായ നടപടികളുമായി ശ്രീലങ്ക. വെള്ളിയാഴ്ചകളില്‍ മസ്ജിദുകളില്‍ നടത്തുന്ന മതപ്രഭാഷണത്തിന്റെ ഓഡിയോ റിക്കോര്‍ഡുകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്ന് ട്രസ്റ്റിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്ന ലക്ഷ്യത്തോടെ മുസ്ലിം മതകാര്യ മന്ത്രി എംഎച്ച്എ ഹലിമാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനു രാജ്യം ഒരുങ്ങുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, ഭീകരവാദത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്നു വ്യക്തമാക്കി. പാര്‍ലമെന്റിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അതേസമയം എട്ട് രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥരും എഫ്ബിഐയുടേയും ഇന്റര്‍പോളിന്റേയും സഹായത്തോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഭീകരാക്രമണത്തില്‍ അന്വേഷണം തുടരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ ക്രിസ്തീയ ദേവാലയങ്ങളില്‍ കര്‍ശന സുരക്ഷ തുടരുകയാണ്.