News - 2025

ഹംഗറി പുനർനിർമ്മിച്ചു നൽകിയ ദേവാലയം കുർദിസ്ഥാനിൽ തുറന്നു

സ്വന്തം ലേഖകന്‍ 22-05-2019 - Wednesday

സോറാൻ: ഇസ്ലാമിക തീവ്രവാദികളുടെ ഇടപെടല്‍ മൂലം അറ്റകുറ്റപണികള്‍ നേരിടേണ്ടി വന്ന കുർദിസ്ഥാനിലെ ക്രൈസ്തവ ദേവാലയം യൂറോപ്യന്‍ രാജ്യമായ ഹംഗറി പുനർനിർമിച്ചു നൽകി. കുർദിസ്ഥാൻ പ്രവിശ്യയിലെ സോറാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന മാർ ജിയോര്‍ജിസ് ദേവാലയം പ്രത്യേക ചടങ്ങുകളോടെയാണ് കഴിഞ്ഞ ദിവസം തുറന്നത്. കുർദിസ്ഥാൻ പ്രവിശ്യ സർക്കാരിൽ മതങ്ങൾക്കായുള്ള വകുപ്പിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന പ്ഷ്തീവാൻ സാദിക്കും, പ്രദേശത്ത് ജീവിക്കുന്ന ക്രൈസ്തവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



1970-കളില്‍ പണിത ദേവാലയം ഇർബിൽ നഗരത്തിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കുർദിസ്ഥാൻ പ്രവിശ്യയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ക്രൈസ്തവർ ജീവിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഇർബിൽ നഗരത്തിലും, ദുഹോക്ക് നഗരത്തിലുമായാണ് ജീവിക്കുന്നത്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിൽ പൊട്ടിമുളച്ചതിനുശേഷം ക്രൈസ്തവർ കുർദിസ്ഥാൻ പ്രവിശ്യ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കും മറ്റുമായാണ് പലായനം ചെയ്തത്.

ദേവാലയം തുറക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളിലും, മതവിഭാഗങ്ങളിലുംപെട്ടവർക്ക് സഹവർത്തിത്വത്തിനുള്ള തറക്കല്ലാണ് ഇടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് 'കുർദിസ്ഥാൻ 24' മാധ്യമത്തോട് പറഞ്ഞു. 2018 മാർച്ചിൽ പുതിയ സ്കൂൾ ഭവനരഹിതരായ കുട്ടികൾക്കായി നിർമ്മിച്ച് നല്‍കിയതിനും, കുർദിസ്ഥാന് ചെയ്യുന്ന മറ്റു സഹായങ്ങൾക്കുമായി ഹംഗറിക്ക് നന്ദി പറയാൻ ക്രൈസ്തവ നേതാക്കൾ ഒത്തുചേർന്നിരുന്നു. യുദ്ധത്തിൽ ഭവനരഹിതരായ കുട്ടികൾക്കായി 700,000 യുഎസ് ഡോളറാണ് ഹംഗറി സഹായമായി കൈമാറിയിരിക്കുന്നത്.


Related Articles »