News - 2024
ഹംഗറിയിലെ ആകാശത്ത് ഡ്രോണില്‍ തീര്‍ത്ത കൂറ്റന്‍ കുരിശ് സമൂഹ മാധ്യമങ്ങളില്‍ തരംഗം
പ്രവാചകശബ്ദം 07-09-2023 - Thursday
ബുഡാപെസ്റ്റ്: ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ഭരിച്ച ഹംഗറിയുടെ ആദ്യ രാജാവായ വിശുദ്ധ സ്റ്റീഫന്‍, വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട ദിവസമായ ഓഗസ്റ്റ് 20-ന് വിശുദ്ധന്റെ ആദരണാര്‍ത്ഥം ഹംഗറിയില്‍ ഡ്രോണുകള്‍ കൊണ്ട് ആകാശത്ത് തീര്‍ത്ത ലൈറ്റ് ഷോ ശ്രദ്ധേയമായി. ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ പാര്‍ലമെന്റിന് മുന്‍പില്‍ സംഘടിപ്പിച്ച ലൈറ്റ് ഷോയുടെ മുഖ്യ സവിശേഷത ഡ്രോണുകള്‍ തീര്‍ത്ത പ്രകാശപൂരിതമായ വലിയ കുരിശായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിക്കുകയാണ്.
1083 ഓഗസ്റ്റ് 20-ന് ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പയാണ് രാജാവായിരുന്ന സ്റ്റീഫനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. തന്റെ വ്യക്തിപരമായ വിശുദ്ധിയാലും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രസിദ്ധനായിരുന്ന വിശുദ്ധ സ്റ്റീഫന്‍, ഹംഗറിയുടെ മധ്യസ്ഥ വിശുദ്ധന്‍ കൂടിയാണ്. ക്രിസ്തീയ വിശ്വാസം ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു രാജ്യമാണ് ഹംഗറി. വിജാതീയ വിശ്വാസങ്ങളില്‍ നിന്നും ഹംഗറിയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുകയും പത്രോസിന്റെ സിംഹാസനത്തോട് വിശ്വസ്തയുള്ള രാഷ്ട്രമായി നിലനിറുത്തുകയും ചെയ്തത് രാജാവായിരുന്ന വിശുദ്ധ സ്റ്റീഫനായിരുന്നു. തന്റെ ഭരണകാലത്ത് വിശുദ്ധ സ്റ്റീഫന്‍ രാഷ്ട്രത്തെ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിന്നു.
The Cross stands while the world turns.
— Gladden Pappin (@gjpappin) August 20, 2023
So too Hungary,
which today celebrated the 1,023rd anniversary of its christening as a state by St. Stephen.
Here’s to another thousand years on that solid foundation! pic.twitter.com/VbYgS92Duk
തന്റെ രാജ്യത്ത് ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നതിന് ഏറെ ഇടപെടല്‍ നടത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. മെത്രാന്മാരുടെ അരമനകളും, നിരവധി ആശ്രമങ്ങളും അദ്ദേഹം സ്ഥാപിച്ചു. 996-ലാണ് അദ്ദേഹം ജര്‍മ്മന്‍ ചക്രവര്‍ത്തിയായ ഹെന്‍റി രണ്ടാമന്റെ സഹോദരിയായ വിശുദ്ധ ഗിസേലയെ ഭാര്യയായി സ്വീകരിച്ചത്. ഇവര്‍ക്ക് 7 മക്കളുണ്ടായിരിന്നു. ഇതില്‍ എമറിക്ക് എന്ന മകനും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഹംഗറി ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടതിന്റെ 1023-മത് വാര്‍ഷികം കൂടിയായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് 20. ഇക്കഴിഞ്ഞ ഏപ്രില്‍ 28 മുതല്‍ 30 വരെ ഹംഗറിയിലേക്ക് നടത്തിയ തന്റെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി ഹംഗേറിയന്‍ ജനതക്ക് അഭിനന്ദനം അറിയിച്ചിരുന്നു.