Tuesday Mirror - 2025
വിശുദ്ധിയില്‍ ജീവിക്കാന്‍ വിശുദ്ധ ജോൺ പോൾ പാപ്പയുടെ ആറ് നിർദ്ദേശങ്ങൾ
സ്വന്തം ലേഖകന്‍ 08-11-2022 - Tuesday
ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ഏറെ പാടുപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന്‍ ജീവിക്കുന്നത്. എങ്ങനെ നമുടെ ജീവിതത്തെ വിശുദ്ധമാക്കാം? കാല്‍നൂറ്റാണ്ടിലധികം ആഗോള സഭയെ നയിച്ചു ഒടുവില്‍ വിശുദ്ധിയുടെ മഹത്വ കിരീടം ചൂടിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, വിശുദ്ധിയിലേക്കുളള വഴിയിൽ വെളിച്ചമാകാൻ സഹായിക്കുവാന്‍ പഠിപ്പിച്ച ആറു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
1. വ്യക്തിപരമായി തന്നെ വിശുദ്ധിയുടെ വഴിയെ ധൈര്യപൂര്‍വ്വം നടക്കുക. തികഞ്ഞ ശുഷ്‌കാന്തിയോടെ ദെെവ വചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും നിങ്ങളെ തന്നെ പരിപോഷിപ്പിക്കുക. നിങ്ങൾ എത്രത്തോളം വിശുദ്ധരാണോ, അത്രമാത്രം സഭയെയും സമൂഹത്തെയും പണിതുയർത്തുന്നതിനായി നിങ്ങൾക്ക് സംഭാവന നൽകാൻ സാധിക്കും.
2. വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ അംഗീകരിക്കുക. വിശുദ്ധരാകാനുളള ദൃഢനിശ്ചയത്തോടെ ലോകത്തിനു മുൻപിൽ ധൈര്യത്തോടും, വിനയത്തോടും പ്രതീക്ഷയോടും കൂടി നമ്മളെ തന്നെ കാണിച്ചു കൊടുക്കണം. കാരണം സന്തോഷം സംജാതമാകുന്നത് ത്യാഗത്തിലൂടെയാണ്.
3. നിങ്ങളെ അനുയായികളായി വിളിക്കുന്ന ആളോടുളള ദൃഢമായ ഒരു സ്നേഹസംഭാഷണമാണ് ആദ്യം വേണ്ടത്. അതിനായി പ്രാര്‍ത്ഥിക്കുക. ഇപ്പോഴുളള ജീവിതം കൂടുതല്‍ മഹാമനസ്കതയുള്ളതാക്കി മാറ്റുക. ഒപ്പം ദെെവീക രഹസ്യങ്ങളെ പറ്റി ആഴത്തിൽ ധ്യാനിക്കുക. വിശുദ്ധ കുർബാനയെ ഓരോ ദിവസത്തിന്‍റെയും ഹൃദയഭാഗമാക്കുക.
4. അവന്റെ തീവ്രമായ ആജ്ഞയില്‍ ഭയപ്പെടരുത്. കാരണം ക്രിസ്തുവാണ് നമ്മെ ആദ്യം സ്നേഹിച്ചത്, നമ്മൾക്കു വേണ്ടി, തന്നെ തന്നെ തരാൻ അവന്‍ തയാറാണ്. അതുപോലെ നമ്മളോടും അവൻ തിരിച്ച് ആവശ്യപ്പെടുന്നു. അവൻ നിങ്ങളിൽ നിന്നും കൂടുതൽ ആവശ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൂടുതൽ തരാൻ സാധിക്കും എന്ന് അവന് അറിയാവുന്നതു കൊണ്ടാണ്.
5. നിങ്ങളിൽ ദുര്‍ബലരോട് സഭയ്ക്കും, മനുഷ്യ വംശത്തിനും ശക്തിയുടെ ഉറവിടമായി മാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. നൻമയുടെയും, തിൻമയുടെയും ശക്തികൾ തമ്മിലുള്ള ഘോര യുദ്ധം നമ്മുടെ കണ്ണുകള്‍ക്ക് മുന്നില്‍ വെളിപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ കുരിശിനോടൊപ്പമുളള നിങ്ങളുടെ സഹനം വിജയത്തിൽ എത്തട്ടെ.
6. യേശുവിന്റെ സാക്ഷികളാകാനും, അവനിൽ പ്രത്യാശ വച്ചു കൊണ്ട് ഒരു ഭാവി അവനോടൊപ്പം കെട്ടിപെടുക്കാനുമുളള അവന്റെ ക്ഷണത്തിന് വിശാല മനസ്സോടെ ഉത്തരം നൽകുക. എല്ലാറ്റിനുമുപരിയായി കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെയും, വിശുദ്ധ കുമ്പസാരത്തിലൂടെയും വളർത്തിയെടുത്ത കലർപ്പിലാത്ത ഒരു ജീവിതത്തിലൂടെയെ സഭ നൽകുന്ന ദൗത്യം പൂർത്തീകരിക്കാൻ സാധിക്കൂ.
#repost