News - 2025
'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' പ്രാര്‍ത്ഥനയില്‍ ഇനി മാറ്റം: പാപ്പ അംഗീകരിച്ചതായി സൂചന
സ്വന്തം ലേഖകന്‍ 07-06-2019 - Friday
വത്തിക്കാന്‍ സിറ്റി: കർത്തൃപ്രാർത്ഥനയിലെ പുതിയ മാറ്റങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കിയതായി വിവിധ റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ഇറ്റാലിയൻ മിസ്സലിന്റെ മൂന്നാം പതിപ്പിന് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതായി 'യുകാത്തലിക്' എന്ന കത്തോലിക്ക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിഷ്ക്കാരത്തോടെ കർത്തൃപ്രാർത്ഥനയുടെ പരിഭാഷയിൽ ചെറിയ മാറ്റങ്ങൾ വരും. മെയ് മാസം ഇരുപത്തിരണ്ടാം തീയതി നടന്ന ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തിൽ ഇറ്റാലിയൻ മിസ്സലിന്റെ മൂന്നാം പതിപ്പിന് അംഗീകാരം ലഭിച്ചതായി സമിതി അധ്യക്ഷൻ കർദിനാൾ ഗ്വാൾറ്റിയാരോ ബസേറ്റി പ്രസ്താവിച്ചെന്ന് 'യുകാത്തലിക്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ "ആൻഡ് ലെഡ് അസ് നോട്ട് ഇൻറ്റു ടെമ്പ്റ്റേഷൻ," എന്ന ഭാഗം "ഡു നോട്ട് ലെറ്റ് എസ് ഫാൾ ഇൻറ്റു ടെമ്പ്റ്റേഷൻ" എന്നായി മാറും. പ്രാർത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന ഭാഗം ദൈവമാണ് നമ്മളെ പ്രലോഭനങ്ങളിലേയ്ക്ക് നയിക്കുന്നത് എന്ന സൂചനയാണ് നൽകുന്നതെന്നു പാപ്പ നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. പ്രാര്‍ത്ഥന പരിഷ്ക്കരിക്കുന്നതോടെ 'ഞങ്ങളെ പ്രലോഭനത്തില്‍ വീഴാന്‍ അനുവദിക്കരുതെ' എന്നതിലേക്ക് മാറും. പുതിയതായി വരുത്തിയ മാറ്റങ്ങൾ കർത്തൃപ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം വെളിപ്പെടുത്തുന്നുമെന്നും കർത്തൃപ്രാർത്ഥനയുടെ മാറ്റങ്ങൾക്കു പിന്നിൽ ചുക്കാൻ പിടിച്ചവർ പറയുന്നു. ഇതേക്കാര്യം ചൂണ്ടിക്കാണിച്ച് ഫ്രഞ്ച് സഭാ നേതൃത്വം 2017 ഡിസംബറില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയില്‍ തിരുത്തല്‍ വരുത്തിയിരിന്നു.
ലിറ്റർജി നവീകരണത്തിന്റെ ഭാഗമായാണ് 16 വർഷം നീണ്ട പഠനങ്ങൾക്ക് ഒടുവിൽ കർത്തൃപ്രാർത്ഥനയുടെ പരിഭാഷയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന്‍ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെത്രാന്മാരും ദൈവശാസ്ത്ര പണ്ഡിതരും വിവിധ വശങ്ങള്‍ പരിശോധിച്ചാണ് ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നത്. വിശ്വാസ തിരുസംഘവും ഇറ്റാലിയൻ മെത്രാന്മാരുടെ പുതിയ പരിഭാഷയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ പതിപ്പ് ഇറങ്ങുമെന്നും യുകാത്തലിക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതേ റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്, ഡെയിലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വത്തിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.