News - 2025

‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ പ്രാർത്ഥനയിൽ മാറ്റത്തിന് ശുപാര്‍ശയുമായി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 10-12-2017 - Sunday

വത്തിക്കാന്‍ സിറ്റി: ആഗോള സഭയുടെ ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന കര്‍ത്തൃ പ്രാർത്ഥനയിൽ മാറ്റത്തിന് ശുപാര്‍ശയുമായി ഫ്രാന്‍സിസ് പാപ്പ. പ്രാർത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന ഭാഗത്തിലുള്ള തർജ്ജമയെ സൂചിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദൈവമാണ് സമൂഹത്തെ പ്രലോഭനത്തിലേക്ക് നയിക്കുന്നതെന്ന തെറ്റായ വ്യാഖ്യാനത്തിലേക്ക് തര്‍ജ്ജമയിലുള്ള വൈരുദ്ധ്യം നയിക്കുമെന്നു പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ചാനല്‍ ടി‌വി2000ത്തിന് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

ഇതേക്കാര്യം ചൂണ്ടിക്കാണിച്ച് നിലവില്‍ ഉണ്ടായിരുന്ന പതിപ്പ് ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു എന്ന് ഫ്രഞ്ച് മെത്രാന്‍മാരും അഭിപ്രായപ്പെട്ടിരിന്നു. തുടര്‍ന്നു ഫ്രാന്‍സിലെ സഭാ നേതൃത്വം “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയില്‍ തിരുത്തല്‍ വരുത്തിയിരിന്നു. പരിഷ്കരിക്കരിച്ച രൂപം ഡിസംബര്‍ മൂന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ഫ്രാന്‍സില്‍ മാറ്റം വരുത്തിയ തിരുത്തലിനെ പറ്റിയും പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

ഫ്രാന്‍സില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനക്ക് സമാനമായ രീതിയിലോ അല്ലെങ്കില്‍ അതിനോടു ചേര്‍ന്ന വിധത്തിലോ പ്രാര്‍ത്ഥന ക്രമീകരിക്കണമെന്നും പാപ്പ പറഞ്ഞു. നേരത്തെ ഫ്രാന്‍സില്‍, കര്‍ത്തൃ പ്രാര്‍ത്ഥനയില്‍ കൊണ്ട് വന്ന മാറ്റത്തെ പ്രൊട്ടസ്റ്റന്‍റ് നേതൃത്വവും സ്വീകരിച്ചിരിന്നു. യേശു ഉപയോഗിച്ച അറമായ ഭാഷയിലാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുള്ളത്. പുരാതന ഗ്രീക്കിലേക്ക് വിവർത്തനം ചെയ്ത ഈ പ്രാർത്ഥന പിന്നീട് ലാറ്റിനിലേക്കും ഇതരഭാഷകളിലേക്കും പരിഭാഷപ്പെടുത്തുകയായിരിന്നു.


Related Articles »