News - 2025

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയുടെ പരിഷ്ക്കരിച്ച രൂപം അടുത്ത മാസം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍ 21-11-2017 - Tuesday

പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയുടെ പരിഷ്കരിക്കരിച്ച രൂപം അടുത്ത മാസം പ്രാബല്യത്തില്‍ വരും. ആഗമനകാലത്തെ ആദ്യത്തെ ഞായറാഴ്ചയായ ഡിസംബര്‍ 3 മുതലാണ് ഫ്രഞ്ച് കത്തോലിക്കര്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ പുതിയ രൂപം ഉപയോഗിച്ച് തുടങ്ങുക. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നവീകരണം മുതല്‍ ഉപയോഗിച്ചിരുന്ന തര്‍ജ്ജമയാണ് ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റപ്പെടുന്നത്.

കഴിഞ്ഞ അര നൂറ്റാണ്ടായി ഫ്രഞ്ച് കത്തോലിക്കര്‍ കിംഗ് ജെയിംസ് പതിപ്പിലെ വാക്കുകളുടെ തര്‍ജ്ജമയായ ‘നോട്രെ പിയറെ’ എന്ന പതിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് സൌമെറ്റ്സ് പാസ് ഇ ലാ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തിനു കീഴടങ്ങുവാന്‍ അനുവദിക്കരുതേ’ എന്നാണ്. ഇത് വേറെ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് ഇതില്‍ മാറ്റം വരുത്തിയത്.

ഫ്രാന്‍സിലെ മെത്രാന്‍മാരുടെ അനുവാദത്തോട് കൂടി പരിഷ്കരിച്ച പതിപ്പനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് ലൈസ്സെ പാസ് എന്‍ട്രേര്‍ എന്‍ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ’ എന്നായി മാറും. നിലവില്‍ ഉണ്ടായിരുന്ന പതിപ്പ് ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു എന്ന് ഫ്രഞ്ച് മെത്രാന്‍മാരുടെ ആരാധനാപരമായ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ബിഷപ്പ് ഗുയ്‌ ഡെ കെറിമേല്‍ പറഞ്ഞു.

പുതിയ മാറ്റത്തെ സ്വീകരിക്കുമെന്ന് ഫ്രാന്‍സിലെ പ്രൊട്ടസ്റ്റന്‍റ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. വളരെക്കാലമായി നിലനിന്നിരുന്ന ആശയകുഴപ്പത്തിനാണ് തര്‍ജ്ജമയിലുള്ള മാറ്റം വഴി ഫ്രഞ്ച് മെത്രാന്‍ സമിതി പരിഹാരം കണ്ടിരിക്കുന്നതെന്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെല്‍ജിയത്തിലും ആഫ്രിക്കയിലും ഈ മാറ്റം ജൂണില്‍ വരുത്തിയിരിന്നു.


Related Articles »