News - 2025
ആമസോണ്‍ മേഖലയില്‍ വിവാഹിത പുരോഹിതര്‍: എതിര്‍പ്പുമായി കര്‍ദ്ദിനാള്‍ ബുര്‍ക്കെ
സ്വന്തം ലേഖകന്‍ 21-06-2019 - Friday
റോം: തെക്കേ അമേരിക്കന്‍ മെത്രാന്മാരുടെ സിനഡില്‍ ആമസോണ്‍ മേഖലയില്‍ മാത്രം വിവാഹിതരെ തിരുപ്പട്ട സ്വീകരണത്തിനു അനുവദിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യുവാനുള്ള സിനഡ് സംഘാടകരുടെ തീരുമാനത്തിനെതിരെ അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ. ഇക്കഴിഞ്ഞ തിങ്കളാഴ്ച സിനഡ് സംഘാടകര്‍ പുറത്തുവിട്ട സിനഡിലെ ചര്‍ച്ചകളുടെ പ്രാഥമിക പ്രവര്‍ത്തനരേഖ വിവാദമായ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ തന്റെ അഭിപ്രായം തുറന്ന്‍ പറഞ്ഞത്. മൂന്നാഴ്ച നീളുന്ന സിനഡ് വരുന്ന ഒക്ടോബറിലാണ് നടക്കുക.
“വിഷയത്തെ കുറിച്ചു സിനഡ് ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അത് ശരിയല്ല. അത് ആഗോളസഭയുടെ അച്ചടക്കത്തെ ബാധിക്കുന്ന കാര്യമാണ്”- ലൈഫ്സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ പ്രതികരണം. സമാനമായ ആവശ്യം ജര്‍മ്മനിയിലെ മെത്രാന്മാര്‍ നേരത്തേതന്നെ ഉന്നയിച്ചതാണെന്നും, ആമസോണ്‍ മേഖലയിലെ പുരോഹിതന്‍മാരുടെ മാത്രം ബ്രഹ്മചര്യത്തില്‍ പരിശുദ്ധ പിതാവ് ഇളവ് നല്‍കുകയാണെങ്കില്‍ ജര്‍മ്മനിയിലെ മെത്രാന്‍മാരും ഈ ഇളവ് ആവശ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആമസോണ്‍ മേഖലയിലെ വിദൂര ഗ്രാമങ്ങള്‍ക്ക് വേണ്ടി, സുസ്ഥിരമായ കുടുംബ ജീവിതം നയിക്കുന്നവരാണെങ്കില്‍, തദ്ദേശീയരും സമുദായത്തില്‍ ബഹുമാനിതരും സ്വീകാര്യതയുള്ള പ്രായമായവരെ പൗരോഹിത്യ പട്ടം നല്‍കുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യണമെന്നാണ് സിനഡിന് ആമുഖമായ രേഖയില്‍ പറയുന്നത്. പാന്‍ ആമസോണ്‍ മേഖലക്ക് വേണ്ടി മാത്രമുള്ള ഒരു പ്രത്യേക സിനഡാണിതെന്നും, അതിനാല്‍ തന്നെ മേഖലയുടെ ആവശ്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും, ചില എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും സിനഡ് സംഘാടകരായ കര്‍ദ്ദിനാള്‍ ലോറന്‍സോ ബാള്‍ഡിസ്സേരിയും, ബിഷപ്പ് ഫാബിയോ ഫബേനയും നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.