News - 2025
റഷ്യയെ മാതാവിന് സമര്‍പ്പിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ദ്ദിനാള്‍ ബുര്‍ക്കെ
പ്രവാചക ശബ്ദം 23-05-2020 - Saturday
റോം: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ റഷ്യയെ പരിശുദ്ധ കന്യകാമാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിന് സമര്‍പ്പിക്കണമെന്ന തന്റെ ആവശ്യം വത്തിക്കാന്‍ ഉന്നത കോടതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ വീണ്ടും ആവര്‍ത്തിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച സംഘടിപ്പിച്ച റോം ലൈഫ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യം എക്കാലത്തെയുംക്കാള്‍ ഇന്നാണെന്നും, ഇത് വളരെ അത്യാവശ്യമായിരിക്കുകയാണെന്നും തന്റെ പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. “ഫാത്തിമ: പ്രതിസന്ധിയിലായ ലോകത്തിന് സ്വര്‍ഗ്ഗത്തിന്റെ മറുപടി” എന്ന വിഷയത്തിലൂന്നിയായിരിന്നു ബിഷപ്പിന്റെ സന്ദേശം.
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ പകര്‍ച്ചയില്‍ ചൈനക്കുള്ള പങ്കിനെക്കുറിച്ചും, തങ്ങളുടെ കമ്മ്യൂണിസ്റ്റ് തെറ്റുകള്‍ ചൈനയില്‍ കുത്തിനിറക്കുന്നതില്‍ റഷ്യ കാണിക്കുന്ന താല്‍പ്പര്യത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ ബുര്‍ക്കെ വിവരിച്ചു. റഷ്യയില്‍ വേരോടിയിരിക്കുന്ന നിരീശ്വരവാദത്തിലൂന്നിയ ഭൗതീകത, ചൈനീസ് സര്‍ക്കാര്‍ സമഗ്രമായ രീതിയില്‍ ചൈനയില്‍ നടപ്പിലാക്കുകയാണ്; പരിശുദ്ധ കന്യകാമാതാവ് നിര്‍ദ്ദേശിച്ചിട്ടുള്ളത് പോലെ റഷ്യയെ മാതാവിന് സമര്‍പ്പിക്കുന്നതിലൂടെ മാത്രമേ കമ്മ്യൂണിസം എന്ന മഹാ തിന്മയെ സൗഖ്യപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ എന്ന കാര്യം നമ്മള്‍ അംഗീകരിക്കണമെന്നും കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. കര്‍ദ്ദിനാള്‍ ബുര്‍ക്കെക്ക് പുറമേ, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആയ കോര്‍ ഉനമിന്റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജോസെഫ് കോര്‍ഡെസും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
1984-ല്‍ ലോക ജനതയെ മുഴുവനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മാതാവിന് സമര്‍പ്പിച്ചപ്പോള്‍ റഷ്യയെ പേരെടുത്ത് പറയണമെന്ന് ആദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ ചില വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം അത് നടപ്പിലായില്ലെന്നും രണ്ടു വര്‍ഷം മുന്‍പ് കര്‍ദ്ദിനാള്‍ കോര്‍ഡെസ് വെളിപ്പെടുത്തിയിരുന്നു. റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പേപ്പല്‍ അംബാസഡറായിരുന്ന ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോയും ഇക്കാര്യത്തില്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെയോടൊപ്പമാണ്. 2017-ല്‍ നടന്ന ലൈഫ് ഫോറമിലും കര്‍ദ്ദിനാള്‍ ബുര്‍ക്കെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക