News - 2024
പതിനേഴ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് അബുദാബിയുടെ അംഗീകാരം
സ്വന്തം ലേഖകന്‍ 22-07-2019 - Monday
അബുദാബി: പതിനേഴ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടക്കം 19 അനിസ്ലാമിക ആരാധനാലയങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുവാന്‍ അബുദാബി ഒരുങ്ങുന്നു. അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപാര്‍ട്ട്മെന്റാണ് (ഡി.സി.ഡി) ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ സഭകളുടേതായി അബുദാബിയിലുള്ള 17 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഒരു അമ്പലത്തിനും ഒരു സിഖ് ഗുരുദ്വാരക്കുമാണ് ഔദ്യോഗിക അനുമതി ലഭിക്കുക. നിര്‍മ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അംഗീകാരം ലഭിക്കും. ഫ്രാന്‍സിസ് പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനു വേണ്ട സംവിധാനം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് തന്റെ ഡിപ്പാര്‍ട്ട്മെന്റെന്ന്‍ ഡി.സി.ഡിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ സുല്‍ത്താന്‍ അല്‍ ദഹേരി പറഞ്ഞു. സഹിഷ്ണുത, പരസ്പര ബഹുമാനം, സഹകരണം എന്നിവ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സൗഹാര്‍ദ്ദം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന് വേണ്ട അടിസ്ഥാന മൂല്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബിയുടെ പുതിയ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രാദേശിക മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്ന നല്ല തീരുമാനമാണ് അബുദാബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നു ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ സ്പെയിനിലെ എക്സിക്യുട്ടീവ് ഡയറക്ടറായ ടെഡ് ബ്ലേക്ക് പ്രതികരിച്ചു. എന്നാല്‍ തീരുമാനത്തെ ലോകത്തിന്റെ മുന്നില്‍ സഹിഷ്ണുതയുള്ള രാജ്യം എന്ന പ്രതിച്ഛായ ഉണ്ടാക്കുവാനുള്ള തന്ത്രമായി മാറരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ജോഷ്വാ പ്രൊജക്ടിന്റെ കണക്കനുസരിച്ച് യുഎഇയിലെ ജനസംഖ്യയുടെ 8% ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണ് ഇന്ന് യുഎഇ.