News - 2024

കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാർട്ടേർഡ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങി

പ്രവാചക ശബ്ദം 14-07-2020 - Tuesday

കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാർട്ടേർഡ് വിമാനങ്ങൾ ദുബായിൽ നിന്നു പുറപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി. കോവിഡ് വ്യാപനത്തിനിടയിലും സ്തുത്യർഹ സേവനം ചെയ്യുന്ന നേഴ്‌സുമാർ, അവരുടെ കുടുംബാംഗങ്ങൾ, വിസിറ്റ് വിസയിൽ ജോലിയന്വേഷിച്ചു വന്നു മടങ്ങിപ്പോകാൻ കഴിയാതെ മാസങ്ങളായി ദുരിതത്തിലായിരുന്നവർ, ജോലി നഷ്ട്ടപ്പെട്ടതിനാൽ സാമ്പത്തികപ്രതിസന്ധിയിലായവർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് സൗജന്യ വിമാന ടിക്കറ്റുകളും മറ്റുള്ള എല്ലാ യാത്രക്കാർക്കും വന്ദേ ഭാരത് വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനും കാത്തലിക് കോൺഗ്രസിനു സാധിച്ചു.

സതേൺ അറേബ്യന്‍ വികാരിയേറ്റിന് കീഴിലുള്ള എല്ലാ ഇടവകകളിൽനിന്നുമുള്ളവർക്കും നാനാജാതി മതസ്ഥർക്കും ചാർട്ടേർഡ് വിമാനത്തിൽ യാത്രചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ നാട്ടിലെത്താനാവാതെ ദുരിതത്തിലായിരിക്കുന്ന പ്രവാസികൾക്ക് ഒരുകൈത്താങ്ങാവാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യം ഉണ്ടെന്നു കാത്തലിക് കോൺഗ്രസ്സ് യു‌എ‌ഇയുടെ പ്രസിഡന്റ് ബെന്നി പുളിക്കേക്കര പറഞ്ഞു. ഷാർജ സെന്റ് മൈക്കിൾസ് ചർച്ച് വികാരി ഫാ. വർഗീസ് ചെമ്പോളി രണ്ടാമത്തെ ചാർട്ടേർഡ് വിമാനത്തിന്റെയും ജബൽ അലി സെന്റ്. ഫ്രാൻസിസ് അസ്സീസ്സി ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. ബിജു പണിക്കപ്പറമ്പിൽ മൂന്നാമത്തെ ചാർട്ടേർഡ് വിമാനത്തിന്റെയും ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചു.

കാത്തലിക് കോൺഗ്രസ് പ്രസിഡണ്ട് ബെന്നി മാത്യു പുളിക്കേക്കര, ജനറൽ സെക്രട്ടറി രഞ്ജിത് ജോസഫ്, വൈസ് പ്രസിഡന്റുമാരായ രാജീവ് ഏബ്രഹാം, ടോം അലക്സ്, ജോയന്റ് സെക്രട്ടറി നിക്കി ജോർജ്, ട്രെഷറർ മജോ ആന്റണി, മീഡിയ ഇൻ ചാർജ് ലിജു ചാണ്ടി, പ്രൊജക്റ്റ് കോർഡിനേറ്റർ സന്തോഷ് മാത്യു, എസ്‌എം‌സി പ്രസിഡന്റുമാരായ ബെന്നി തോമസ് (ദുബായ്), ഷാജു ജോസഫ് (ഷാർജ), മാത്യു പോൾ (അജ്‌മാൻ) എന്നിവരും സന്നിഹിതരായിരുന്നു.

കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ വർക്കിങ് കമ്മിറ്റി ഭാരവാഹികൾ, എസ്‌എം‌സി എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനായത്. ജോലി നഷ്ട്ടപ്പെട്ടു കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ രൂപതകളിലും കാത്തലിക് കോൺഗ്രസ് ഹെൽപ് ഡെസ്ക് രൂപീകരിച്ചതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.


Related Articles »